മുംബൈ: ഹരിയാണയിലും മഹാരാഷ്ട്രയിലും പ്രതീക്ഷച്ച വിജയം നേടാൻ സാധിക്കാത്തത് ബിജെപിയുടെ രാജ്യസഭാ കണക്ക് കൂട്ടലുകളെ കാര്യമായി ബാധിക്കുമെന്ന് വിലയിരുത്തൽ. 2018-ൽ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് തോൽവികളുടെ നഷ്ടം നികത്താൻ മഹരാഷ്ട്രയിലും ഹരിയാണയിലും സാധിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ഫലം ബിജെപിയുടെ സീറ്റുകൾ കുറഞ്ഞതിന് പുറമെ കോൺഗ്രസിന്റെ സീറ്റുകൾ വർധിക്കുകയും ചെയ്തത് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ 19 ഉം ഹരിയാണയിൽ അഞ്ചും രാജ്യസഭാ അംഗങ്ങളാണുള്ളത്. ഹരിയാണയിലെ അഞ്ച് രാജ്യസഭാ അംഗങ്ങളിൽ കോൺഗ്രസിന് ഒന്നും ബിജെപിക്ക് മൂന്നും രാജ്യസഭാ അംഗങ്ങളാണ് നിലവിലുള്ളത്. ഒരാൾ സ്വതന്ത്രനാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യത്തിന് ഏഴ് അംഗങ്ങളും എൻഡിഎ സഖ്യത്തിന് 11 ഉം രാജ്യസഭാംഗങ്ങളുണ്ട്. ഹരിയാണയിൽ രണ്ട് വീതം രാജ്യസഭാ സീറ്റുകളിലേക്ക് 2020-ലും 2022-ലുമായി തിരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ 2020-ൽ ഏഴ് സീറ്റുകളിലേക്കും 2022 ആറ് സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ഒരു രാജ്യസഭാ എംപിയെ തിരഞ്ഞെടുക്കുന്നതിന് 30 മുതൽ 36 വരെയുള്ള നിയമസഭാ സാമാജികരുടെ പിന്തുണയാണ് വേണ്ടത്. മഹാരാഷ്ട്രയിൽ 163 സീറ്റുകളുള്ള ബിജെപിക്ക് 2020-നാല് പേരെ മാത്രമേ വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ. കോൺഗ്രസ്-എൻസിപി സഖ്യത്തിന് രണ്ട് പേരേയും ജയിപ്പിക്കാൻ കഴിയും. ഹരിയാണയിൽ കോൺഗ്രസിനും ബിജെപിക്കും ഓരോരുത്തരേ മാത്രമേ രാജ്യസഭയിലെത്തിക്കാനാകൂ. 2022-ലും സമാനമായ സ്ഥിതിവിശേഷമാകും ഉണ്ടാകുക. ഒഴിവുള്ള മറ്റുള്ള സീറ്റുകളിൽ ചെറുപാർട്ടികളും സ്വതന്ത്ര എംഎൽഎമാരും നിർണായക ഘടകമാകും. നിലവിൽ രാജ്യസഭയിൽ ബിജെപിക്ക് 82 എംപിമാരാണ് ഉള്ളത്. കോൺഗ്രസിന് 45 എംപിമാരുണ്ട്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും അടുത്ത വർഷങ്ങളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. 15 എംഎൽഎമാർ മാത്രമുള്ള ഛത്തീസ്ഗഢിൽ ബിജെപിക്ക് ഒരാളേയും ഇവിടെ നിന്ന് രാജ്യസഭയിലെത്തിക്കാനാവില്ല. രാജസ്ഥാനിൽ ബിജെപിക്ക് 73 എംഎൽഎമാരുണ്ട്. ഒരാളെ മാത്രമെ ഇവിടെ നിന്ന് ജയിപ്പിക്കാനാകൂ. 109 എംഎൽഎമാരുള്ള മധ്യപ്രദേശിലും സമാനമായ സ്ഥിതിയാണ്. രാജസ്ഥാനിൽ 50 ഉം മധ്യപ്രദേശിൽ 58 ഉം എംഎൽഎമാരുടെ വോട്ടുണ്ടായാലേ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനാകൂ. നിലവിൽ ബിജെപിക്ക് ഛത്തീസ്ഗഢിൽ മൂന്നും മധ്യപ്രദേശിൽ എട്ടും രാജസ്ഥാനിൽ എട്ടും രാജ്യസഭാ എംപിമാരുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/31NqZ5I
via
IFTTT