Breaking

Monday, May 4, 2020

‘വിശന്നുകരയുന്ന കുട്ടികൾക്കുമുന്നിൽ ആ അമ്മ പാത്രത്തിൽ കല്ലുപുഴുങ്ങി’ നൊമ്പരം ഈ കെനിയൻ കാഴ്ച

നയ്റോബി: വിശന്നുകരയുന്ന മക്കളെ, ഭക്ഷണമുണ്ടാക്കുന്നുവെന്ന് വിശ്വസിപ്പിക്കാൻ പാത്രത്തിൽ കല്ല് പുഴുങ്ങുന്ന അമ്മ ലോകത്തിന് നൊമ്പരമാവുന്നു. കെനിയയിലെ മൊംബാസയിൽനിന്നുള്ള പെനിനാ ബഹതി കിതാസോ ആണ് എട്ടുമക്കളെ സമാധാനിപ്പിക്കാൻ ദിവസങ്ങളായി ഈ ഒരു കടുംകൈ തുടർന്നത്. ഭക്ഷണത്തിന് കാത്തിരുന്ന് കുട്ടികൾ ഉറങ്ങിപ്പോവുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ഇത്. വിധവയും നിരക്ഷരയുമായ പെനിന അയൽവീടുകളിലെ തുണി അലക്കിയും മറ്റുമാണ് മക്കളെ വളർത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് ജനം സാമൂഹിക അകലം പാലിക്കാൻ തുടങ്ങിയതോടെയാണ് ജോലിയില്ലാതായെന്ന് ബി.ബി.സി.ന്യൂസ് റിപ്പോർട്ടുചെയ്തു. ദിവസേന നടക്കുന്ന ഈ കരളലയിപ്പിക്കുന്ന കാഴ്ച അവരുടെ അയൽവാസി പ്രിസ്ക മൊമാൻവിയാണ് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയത്. കിതാസോക്കായി ബാങ്കിൽ ഒരു അക്കൗണ്ടും അവർതന്നെ തുടങ്ങിയതോടെ അതിലേക്ക് സഹായം പ്രവഹിക്കാൻ തുടങ്ങി. കഴിഞ്ഞവർഷമാണ് ആയുധധാരിയായ കള്ളന്മാരുമായുള്ള ഏറ്റുമുട്ടലിൽ കിതാസോയുടെ ഭർത്താവ് മരിച്ചത്. വെള്ളവും വെളിച്ചവുമില്ലാത്ത രണ്ടുമുറി വീട്ടിലാണ് ഇവരുടെ താമസം. ബാങ്ക് അക്കൗണ്ടിലൂടെ സഹായം വരാൻ തുടങ്ങിയതോടെ എല്ലാം അദ്ഭുതം എന്നുമാത്രമാണ് കിതാസോക്ക് പറയാനുള്ളത്. കെനിയക്കാർ ഇത്ര സ്നേഹമുള്ളവരാണെന്ന് അറിഞ്ഞിരുന്നില്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായ വാഗ്ദാനങ്ങൾ വരുന്നതായും ടുകോ ന്യൂസ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. വിശന്നുകരയുന്ന ചെറിയ കുഞ്ഞിനെ സമാധാനിപ്പിക്കാനായിരുന്നു ഏറെ വിഷമം. കുറച്ചുകൂടി മുതിർന്ന മറ്റുകുട്ടികൾക്ക് ഭക്ഷണമൊന്നുമില്ലെന്ന് അറിയാമായിരുന്നെന്നും കിതാസോ പറഞ്ഞു. വൈറസ് ബാധയെത്തുടർന്ന് കെനിയൻ സർക്കാർ രാജ്യത്ത് സൗജന്യ ഭക്ഷണവിതരണം നടത്തുന്നുണ്ട്. എന്നാൽ, കിതാസോയെ പോലുള്ള പലരിലേക്കും അത് എത്തുന്നില്ലെന്നാണ് സത്യം. Content Highlight: CoronaVirus: Mother cooking stones for children


from mathrubhumi.latestnews.rssfeed https://ift.tt/3b1OLjd
via IFTTT