തലശ്ശേരി: നീണ്ടുനിവർന്നും വളഞ്ഞും തിരിഞ്ഞും കയറിയുമിറങ്ങിയും കിടക്കുന്ന 85 കിലോമീറ്റർ റോഡ്. പൊള്ളുന്ന വെയിൽ. രണ്ടുദിവസം കൂടുമ്പോൾ ഇത്രയും ദൂരം സൈക്കിൾ ചവിട്ടണം. ജോലിസ്ഥലത്തേക്കാണീ യാത്ര. ഒന്നരമാസമായി ഈ പോലീസ് ഉദ്യോഗസ്ഥന്റെ സഞ്ചാരം ഇങ്ങനെയാണ്. കോഴിക്കോട് കൺട്രോൾ റൂം എസ്.ഐ. മമ്പറത്തിനടുത്ത് കായലോട് സ്വദേശി കെ.ദിനേഷാണ് ദൂരത്തെ സൈക്കിൾച്ചക്രങ്ങളാൽ പിന്നിലാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വീട്ടിൽനിന്ന് കോഴിക്കോട്ടെത്താൻ വേറെ വഴിയില്ലായിരുന്നു. അങ്ങനെയാണ് സൈക്കിളിനെ ആശ്രയിച്ചുതുടങ്ങിയത്. രാവിലെ ആറിന് കായലോട് കവലയിലെ വീട്ടിൽനിന്നിറങ്ങും. 10-ഒാടെ എലത്തൂരെത്തും. അവിടെ പാലം പണി നടക്കുന്നതിനാൽ സൈക്കിൾ കൈകളിലെടുത്ത് മുന്നോട്ട്. പാലം കഴിഞ്ഞാൽ വീണ്ടും സൈക്കിളിലേക്ക്. 10.30-ന് കോഴിക്കോട് കൺട്രോൾ റൂമിന്റെ പടികടക്കും. പിന്നെ, യൂണിഫോമിട്ട് നേരേ ഡ്യൂട്ടി സ്ഥലത്തേക്ക്. ഗിയറുള്ള സൈക്കിളാണ് യാത്രയ്ക്കുപയോഗിക്കുന്നത്. ’ഇടയ്ക്ക് ഒന്നോ രണ്ടോ കവിൾ വെള്ളം കുടിക്കും. ക്ഷീണമൊന്നുമുണ്ടാകാറില്ല’ -ദിനേഷ് പറഞ്ഞു. 48 മണിക്കൂർ ഡ്യൂട്ടിയാണ്. അതു കഴിഞ്ഞാൽ അരമണിക്കൂറിനകം നാട്ടിലേക്ക്. കോവിഡ് നിയന്ത്രണം കഴിയുംവരെ സൈക്കിൾയാത്ര തുടരാനാണ് തീരുമാനം. ഇനി ഒരുവർഷമേ ദിനേഷിന് വിരമിക്കാനുള്ളൂ. 2021 മേയിൽ യൂണിഫോം അഴിക്കും. ഒരുവർഷം മുമ്പ് എലത്തൂർ സ്റ്റേഷനിൽനിന്നാണ് കോഴിക്കോട്ടെത്തിയത്. ലോക്ക്ഡൗണിനു മുമ്പ് ദിവസവും തലശ്ശേരിയിൽനിന്ന് പുലർച്ചെ എക്സിക്യുട്ടീവ് എക്സ്പ്രസിലാണ് കോഴിക്കോട്ടേക്ക് പോയിരുന്നത്. അപ്പോഴെല്ലാം സ്റ്റേഷനിലേക്കുള്ള യാത്രയും മടക്കവും സൈക്കിളിലായിരുന്നു.മറ്റു വാഹനങ്ങളൊന്നും ദിനേഷിന് വശമില്ല. അവ പരിശീലിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. സൈക്കിളായിരുന്നു എന്നും കമ്പം. 19-ാം വയസ്സിൽ തുടങ്ങിയതാണ് സൈക്കിൾ പ്രണയം. പാലക്കാട് ഒരു സ്വകാര്യസ്ഥാപനത്തിൽ ആരോഗ്യപ്രവർത്തകനായിരുന്നു. ഇന്നത്തെപ്പോലെ നാടുനീളെ റോഡുകളില്ലാത്ത കാലം. ജോലിയുടെ ഭാഗമായി കുത്തന്നൂരിലെ കുന്നും വയലും തോടുമെല്ലാം സൈക്കിളിലാണ് താണ്ടിയത്. ദിവസവും 30 കിലോമീറ്റർ വരെ ഇങ്ങനെ സൈക്കിൾ ചവിട്ടിയിട്ടുണ്ട്. ദിനേഷിന്റെ വീട്ടിൽ കാറുണ്ട്. എളയാവൂർ പി.എച്ച്.സി.യിൽ നഴ്സായ ഭാര്യ കെ.പി. ചിത്രയാണ് അത് ഓടിക്കുന്നത്. വിദ്യാർഥികളായ ആനന്ദ് കൃഷ്ണയും അശ്വിൻ കൃഷ്ണയുമാണ് മക്കൾ.
from mathrubhumi.latestnews.rssfeed https://ift.tt/3ckgNrm
via
IFTTT