Breaking

Monday, October 7, 2019

ചരിത്രമായി രണ്ടാം കൂനൻകുരിശ് സത്യം

കോതമംഗലം: പള്ളികൾക്കും വിശ്വാസത്തിനും നേരെയുള്ള അധിനിവേശത്തിനെതിരേ യാക്കോബായ സഭ നടത്തിയ രണ്ടാം കൂനൻകുരിശ് സത്യം സഭാചരിത്രത്തിലെ പുതിയ അധ്യായമായി. കോതമംഗലം മാർത്തോമ ചെറിയപള്ളിക്കുമുന്നിലെ കൽക്കുരിശിൽ ആലാത്ത് (വടം) കെട്ടിയതിൽ പിടിച്ചാണ് ആയിരക്കണക്കിനു യാക്കോബായ വിശ്വാസികൾ രണ്ടാം കൂനൻകുരിശ് സത്യപ്രഖ്യാപനം നടത്തിയത്. സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വിശ്വാസസമൂഹത്തെ സാക്ഷിയാക്കി പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്തിൽ തൊട്ടാണു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കോതമംഗലത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അഭാവത്തിലാണ് മെത്രാപ്പോലീത്തൻ ട്രസ്റ്റി സത്യപ്രതിജ്ഞാചടങ്ങിന്റെ നേതൃത്വം ഏറ്റെടുത്തത്. സത്യപ്രതിജ്ഞയ്ക്കുശേഷം പള്ളിക്കു പുറത്തെത്തി ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കല്പന ജോസഫ് മാർ ഗ്രിഗോറിയോസ് വായിച്ചു. അതിനുശേഷമായിരുന്നു രണ്ടാം കൂനൻകുരിശ് സത്യവാചകം അദ്ദേഹം ചൊല്ലിക്കൊടുത്തത്. കുരിശിൽ കെട്ടിയ ആലാത്ത് പിടിച്ചും കൈകൾ കോർത്തുപിടിച്ചും ഉച്ചത്തിൽ വിശ്വാസികൾ സത്യവാചകം ഏറ്റുചൊല്ലി. സഭയിലെ പതിനഞ്ചോളം മെത്രാപ്പൊലീത്തമാരും നൂറുകണക്കിനു വൈദികരും പരിശുദ്ധ ബാവായുടെ കബറിടംമുതൽ കുരിശുവരെ കൈകോർത്ത് നിന്നു. പള്ളിമുതൽ ആലുവ മൂന്നാർ റോഡിൽ നാലുകിലോമീറ്റർ അപ്പുറമുള്ള നെല്ലിക്കുഴിവരെ വിശ്വാസികളുടെ നിര നീണ്ടു. content highlights:second coonan cross oath or koonan kurishu sathyam


from mathrubhumi.latestnews.rssfeed https://ift.tt/356k4Yp
via IFTTT