തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തിൽ ചിലർക്ക് പി.എസ്.സി. മാർക്ക് വാരിക്കോരി നൽകിയെന്നു പരാതി. എഴുത്തുപരീക്ഷയിൽ പിന്നിലായിരുന്നവരെ റാങ്ക് പട്ടികയിൽ മുന്നിലെത്തിക്കാനുള്ള ഗൂഢനീക്കമാണിതെന്നാണ് ആരോപണം.ആസൂത്രണ ബോർഡിന്റെ പ്ലാൻ കോ-ഓർഡിനേഷൻ, ഡീസെൻട്രലൈസ്ഡ് പ്ലാനിങ്, സോഷ്യൽ സർവീസസ് എന്നീ വിഭാഗങ്ങളിലെ ചീഫ് നിയമനത്തിനുള്ള റാങ്ക് പട്ടികകളെക്കുറിച്ചാണ് പരാതി. 89,000-1,20,000 രൂപ ശമ്പള സ്കെയിലുള്ള ഉയർന്ന തസ്തികയാണിത്. രണ്ടു പേപ്പറുകളായി 200 മാർക്കിനുള്ള പൊതുപരീക്ഷയാണ് പി.എസ്.സി. നടത്തിയത്. അഭിമുഖം 40 മാർക്കിനായിരുന്നു. 38 മുതൽ 36 വരെ മാർക്ക് ചിലർക്ക് അഭിമുഖത്തിനു ലഭിച്ചു. ഇങ്ങനെ 90 മുതൽ 95 വരെ ശതമാനം മാർക്ക് അഭിമുഖത്തിനു നൽകുന്ന പതിവ് പി.എസ്.സി.ക്കില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. എഴുത്തുപരീക്ഷയ്ക്ക് മാർക്ക് കുറവുള്ളവർ അഭിമുഖത്തിനു ലഭിച്ച ഉയർന്ന മാർക്കോടെ റാങ്ക് പട്ടികയിൽ മുന്നിലെത്തി. എഴുത്തുപരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്കായ 91.75 ലഭിച്ചയാളിന് അഭിമുഖത്തിൽ ഏറ്റവും കുറവായ 11 മാർക്കാണ് നൽകിയത്. അഭിമുഖം റദ്ദാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. റാങ്ക് പട്ടികയിൽ മുന്നിലെത്തി നിയമനം ഉറപ്പിച്ചവർ ആസൂത്രണബോർഡ് ഉദ്യോഗസ്ഥരാണെന്നും പരാതിയുണ്ട്. അഭിമുഖം നടത്തിയവരിൽ ആസൂത്രണ ബോർഡ് അധികൃതരുമുണ്ടായിരുന്നു.മാർക്ക് പ്രവൃത്തിപരിചയം കണക്കാക്കിവിശേഷാൽ ചട്ടത്തിൽ പറയുന്ന പ്രവൃത്തിപരിചയം കണക്കാക്കിയാണ് അഭിമുഖത്തിന് മാർക്ക് നിശ്ചയിച്ചത്. സാമ്പത്തിക ആസൂത്രണ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്കാണ് ഉയർന്ന മാർക്ക് ലഭിച്ചത്. പ്രശസ്ത സാമ്പത്തിക വിദഗ്ധർ, സർവകലാശാലാ വൈസ് ചാൻസലർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, പി.എസ്.സി. അംഗങ്ങൾ എന്നിങ്ങനെ ആറുപേരുള്ള ബോർഡാണ് അഭിമുഖം നടത്തിയത്. അഭിമുഖത്തിനു നൽകുന്ന പരമാവധി മാർക്കിനെക്കുറിച്ച് വ്യവസ്ഥയില്ല. സിവിൽ സർവീസസ് പരീക്ഷയ്ക്ക് 90-95 ശതമാനം മാർക്ക് അഭിമുഖത്തിന് യു.പി.എസ്.സി. നൽകുന്നുണ്ട്. അഭിമുഖത്തിന് മാർക്ക് നൽകുന്നതിൽ പി.എസ്.സി.ക്കുള്ള പരമാധികാരം കോടതികളും അംഗീകരിച്ചിട്ടുള്ളതാണ്. -എം.കെ. സക്കീർ, പി.എസ്.സി. ചെയർമാൻ
from mathrubhumi.latestnews.rssfeed https://ift.tt/3191yeO
via
IFTTT