Breaking

Sunday, October 13, 2019

ദക്ഷിണാഫ്രിക്കയെ ഫോളോഓണ്‍ ചെയ്യിച്ച് ഇന്ത്യ; വീണ്ടും തകര്‍ച്ച

പുണെ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോഓൺ ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേ തകർച്ച. നാലാം ദിവസത്തിലെ രണ്ടാം പന്തിൽ തന്നെ എയ്ഡൻ മാർക്രത്തെ (0) മടക്കി ഇഷാന്ത് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. വൈകാതെ ഉമേഷ്, ത്യൂനിസ് ഡി ബ്രൂയിനെയും (8) മടക്കി. രണ്ടിന് 23 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഡീൻ എൽഗാർ, ക്യാപ്റ്റൻ ഡുപ്ലെസി എന്നിവരാണ് ക്രീസിൽ. നേരത്തെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 275 റൺസിന് പുറത്താക്കിയ ഇന്ത്യ 326 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോഓണിനയച്ചു. ഒരു ഘട്ടത്തിൽ എട്ടിന് 162 റൺസെന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ ഒമ്പതാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്ത കേശവ് മഹാരാജ് - വെർനോൺ ഫിലാൻഡർ സഖ്യമാണ് കരകയറ്റിയത്. 132 പന്തുകൾ നേരിട്ട കേശവ് മഹാരാജ് 12 ബൗണ്ടറികളടക്കം 72 റൺസെടുത്തു. 192 പന്തുകൾ നേരിട്ട് ആറു ബൗണ്ടറികളോടെ 44 റൺസെടുത്ത ഫിലാൻഡർ പുറത്താകാതെ നിന്നു. തലേദിവസം തോളുകുത്തിവീണ മഹാരാജ് വേദന സഹിച്ചാണ് അസാമാന്യമായ ഇന്നിങ്സ് കളിച്ചത്. ഒരുഘട്ടത്തിൽ മഹാരാജ്-ഫിലാൻഡർ സഖ്യം ഇന്ത്യൻ ബൗളർമാരെ തീർത്തും നിരാശപ്പെടുത്തി. എട്ടിന് 152 എന്ന നിലയിൽ ഒത്തുചേർന്ന അവർ 43.1 ഓവറാണ് അതിജീവിച്ചത്. ബാക്കിയുള്ളവരിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (64), ത്യൂനിസ് ഡി ബ്രൂയിൻ (30), ക്വിന്റൺ ഡിക്കോക്ക് (31) എന്നിവർക്കു മാത്രമാണ് ഇന്ത്യൻ ബൗളിങ്ങിനെ അൽപ്പമെങ്കിലും പ്രതിരോധിക്കാനായത്. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ നാലു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തു. ഷമി രണ്ടു വിക്കറ്റുകൾ നേടി. ഡീൻ എൽഗാർ (6), എയ്ഡൻ മാർക്രം (0), ടെംബ ബവുമ (8), ആന്റിച്ച് നോർഹെ (3) എന്നിവർക്കൊന്നും ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നേരത്തെ ക്യാപ്റ്റൻ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറി മികവിൽ ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 601 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. ടെസ്റ്റിൽ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തിൽ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റൺസോടെ പുറത്താകാതെ നിന്നു. ടെസ്റ്റിൽ കോലിയുടെ ഉയർന്ന സ്കോറാണിത്. Content Highlights:India vs South Africa, 2nd Test day 4


from mathrubhumi.latestnews.rssfeed https://ift.tt/2IGdePJ
via IFTTT