Breaking

Thursday, October 24, 2019

വോട്ടെണ്ണല്‍ ആരംഭിച്ചു;പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു,ഫലം ഉടന്‍

കോഴിക്കോട്: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണൽ ആരംഭിച്ചു. അൽപസമയത്തിനകം തന്നെ ആദ്യ ഫല സൂചനകൾ വരും. മാതൃഭൂമി ഡോട്ട് കോമിൽ തത്സമയം വിവരങ്ങൾ ലഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഇതിന് ശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും. മഹരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിലെ ഓരോ ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. 21-നാണ് എല്ലായിടങ്ങളിലും വോട്ടെടുപ്പ് നടന്നത്. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും കൃത്യം എട്ട് മണിയോടെ തന്നെ ആരംഭിച്ചു. മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂർക്കാവിൽ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണൽ. ശുഭപ്രതീക്ഷയുണ്ടെന്ന് എല്ലാ മുന്നണി സ്ഥാനാർഥികളും ഇന്ന് രാവിലെ പ്രതികരിച്ചു. മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ് എന്നിവടങ്ങളിൽ കന്ന ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. എറണാകുളത്തും അരൂരിലും ഇടത് വലത് മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. വോട്ടെടുപ്പ് ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് എറണാകുളത്ത് പോളിങ് ശതമാനം കുറഞ്ഞത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം നിലനിർത്തുമെന്നാണ് മിക്ക അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേ സമയം ഹരിയാനയിൽ തൂക്കുസഭക്കുള്ള സാധ്യതകളും ചില എക്സ്റ്റ്പോളുകൾ പ്രവചിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/36aCd7Y
via IFTTT