Breaking

Thursday, October 24, 2019

മെസ്സി തിളങ്ങി; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് എവേ ജയം

പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്): ചാമ്പ്യൻസ് ലീഗിൽ എവേ വിജയവുമായി ബാഴ്സലോണ. ചെക്ക് റിപ്പബ്ലിക്ക് ചാമ്പ്യൻമാരായ സ്ലാവിയ പ്രാഹിനെ അവരുടെ മൈതാനത്ത് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ഈ സീസണിലെ ബാഴ്സയുടെ ആദ്യ എവേ ജയമാണിത്. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ലയണൽ മെസ്സി ബാഴ്സയെ മുന്നിലെത്തിച്ചു. ആർതുർ മെലോയുമായി നടത്തിയ നീക്കത്തിനൊടുവിൽ മെസ്സി പന്ത് പ്രാഹിന്റെ വലയിലെത്തിച്ചു. ഇതോടെ തുടർച്ചയായ 15 ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. 2005/2016 മുതലാണ് മെസ്സിയുടെ നേട്ടം. 16 വ്യത്യസ്ത സീസണുകളിൽ സ്കോർ ചെയ്ത റയാൻ ഗിഗ്സാണ് ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഗോൾ നേടിയ താരം. ഇതിനു ശേഷം ഉണർന്നു കളിച്ച ചെക്ക് ടീം പലതവണ ബാഴ്സ ഗോളി ടെർസ്റ്റേഗനെ പരീക്ഷിച്ചു. ഈ സമയത്ത് ബാഴ്സയും ചില മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. ബാഴ്സയുടെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റാകുമ്പോഴേക്കും ചെക്ക് ചാമ്പ്യൻമാർ തിരിച്ചടിച്ചു. മാസോപുസറ്റിന്റെ പാസിൽ നിന്ന് ജാൻ ബോറിലാണ് അവരെ ഒപ്പമെത്തിച്ചത്. ജയത്തിനായി ബാഴ്സ നിരന്തരം ശ്രമിക്കുന്നതിനിടെ 57-ാം മിനിറ്റിൽ മെസ്സിയെടുത്ത ഒരു ഫ്രീകിക്ക് ബാഴ്സയ്ക്ക് വിജയമൊരുക്കി. ഫ്രീകിക്കിൽ നിന്നുള്ള സുവാരസിന്റെ ഷോട്ട് പീറ്റർ ഒലയിൻകയുടെ സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. ഇതിനു ശേഷം 75-ാം മിനിറ്റിൽ ലഭിച്ച ഒരു സുവർണാവസരം മെസ്സി നഷ്ടമാക്കുകയും ചെയ്തു. ജയത്തോടെ ഗ്രൂപ്പ് എഫിൽ ഏഴു പോയന്റോടെ ബാഴ്സ ഒന്നാമതെത്തി. Content Highlights:UEFA Champions League Barcelona beat Slavia Praha


from mathrubhumi.latestnews.rssfeed https://ift.tt/2BFSwM0
via IFTTT