Breaking

Tuesday, October 8, 2019

കൂടത്തായി കൊലപാതക പരമ്പര; ശാസ്ത്രീയ തെളിവുകള്‍ വിദേശ ലാബുകളില്‍ പരിശോധിക്കും

കോഴിക്കോട്: പല കാലങ്ങളിലായി നടന്ന കൊലപാതക പരമ്പര അന്വേഷിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ തേടി പോലീസ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കാൻ വിപുലമായ അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. അതിനൊപ്പം വേണമെങ്കിൽ ശാസ്ത്രീയ തെളിവുകൾ യു.എസിലെ ലാബുകളിൽ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെമിത്തേരിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് അമേരിക്കയിലേക്ക് സൂക്ഷ്മ പരിശോധനക്കായി അയക്കുക. സയനൈഡ് അകത്തു ചെന്നായിരിക്കാം എല്ലാവരും മരിച്ചത് എന്ന നിഗമനത്തിലാണ് പോലീസ്. ഇക്കാര്യം ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായാണ് ശാസ്ത്രീയ പരിശോധനക്ക് വിദേശ ലാബുകളുടെ സഹായം തേടുന്നത്. മൈറ്റോകോൺട്രിയൽ ഡി.എൻ.എ പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്. 2002 മുതൽ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് പോലീസിന് അഴിച്ചെടുക്കാനുള്ളത്. പതിറ്റാണ്ടിനപ്പുറം അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തുക ഫോറൻസിക് വിഭാഗത്തിന് ശ്രമകരമായ ജോലിയായിരിക്കും. നിലവിൽ റോയി തോമസിന്റെ മരണത്തിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മറ്റ് മരണങ്ങളും പ്രത്യേക കേസുകളായി രജിസ്റ്റർ ചെയ്തായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടുപോകുക. ഇതിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം തേടും. ഇതിന് സംസ്ഥാനത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥന്മാരെ നിയോഗിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. Content highlights:Koodathai murder case; Scientific deviance will be send to US labs says DGP Kerala


from mathrubhumi.latestnews.rssfeed https://ift.tt/2ARlgkp
via IFTTT