ഉലാൻഉദെ; ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയിൽ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യൻ ഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന വനിതാ താരം എന്ന നേട്ടം മേരി ഇതോടെ സ്വന്തമാക്കി. 1-4 നാണ് മേരി ചാകിരൊഗ്ലുവിനോട് തോറ്റത്. ക്വാർട്ടറിൽ കൊളംബിയയുടെ വലൻസിയ വിക്ടോറിയയെ തോൽപ്പിച്ചാണ് മേരി കോം സെമിയിൽ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്. നിലവിൽ ആറ് ലോക ചാംപ്യൻഷിപ്പ് സ്വർണവുമായി ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവോന്റെ റെക്കോർഡിനൊപ്പമാണു മേരി. ബോക്സിങ് രംഗത്ത് 1986 മുതൽ 99 വരെ തിളങ്ങിയ സാവോൻ നേടിയത് 6 സ്വർണവും ഒരു വെള്ളിയുമാണ്. 6 സ്വർണം, ഒരു വെളളി എന്നിങ്ങനെയാണ് മേരിയുടെ നേട്ടങ്ങൾ. ഇക്കുറി മെഡലുറപ്പാക്കിയതോടെ മെഡൽ നേട്ടത്തിൽ മേരി സാവോനെ പിന്തള്ളി. 2007 ൽ ഇരട്ടക്കുട്ടികളുടെ ജനനത്തിന് ശേഷം റിങ്ങിലേക്കു മടങ്ങിയെത്തിയശേഷം മേരി മൂന്നുതവണ ലോക ജേതാവായി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ നേടി. 2013 ലായിരുന്നു മേരിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം. അതിന് പിന്നാലെ 2014ൽ ഇഞ്ചോൺ ഏഷ്യൻ ഗെയിംസിലും മേരി സ്വർണമണിഞ്ഞു. Content Highlights:Mary Kom settles for bronze after loss in semifinal, World Boxing Championship
from mathrubhumi.latestnews.rssfeed https://ift.tt/2VB2S8R
via
IFTTT