Breaking

Monday, October 14, 2019

കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരനായ റോജോ തോമസ് നാട്ടിലെത്തി

കൊച്ചി: കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയിൽനിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. കൂടത്തായി കേസിലെ അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പൊന്നാമറ്റം ടോം തോമസിന്റെ ഇളയമകനായ റോജോ അമേരിക്കയിൽ സ്ഥിരതാമസമാണ്. റോജോ ജില്ലാ പോലീസ് മേധാവിക്കുനൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിച്ചത്. ഇതിലാണ് പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, ജ്യോഷ്ടൻ റോയി തോമസ്, അമ്മാവൻ മാത്യു, പിതൃസഹോദരപുത്രൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ ആൽഫൈൻ എന്നിവരെ റോയിയുടെ ഭാര്യ ജോളി കൊലപ്പെടുത്തിയതായും സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കിയതായും കണ്ടെത്തിയത്. കേസിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുന്നതിന് റോയിയോട് നാട്ടിലെത്താൻ അന്വേഷണോദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. വടകര എസ്.പി. ഓഫീസിലെത്തി അദ്ദേഹം മൊഴികൊടുക്കുമെന്നായിരുന്നു വിവരം. ഒരുപക്ഷേ അന്വേഷണസംഘം വൈക്കത്തെ വീട്ടിലെത്തിയാകും ഇദ്ദേഹത്തിന്റെ മൊഴിരേഖപ്പെടുത്തുകയെന്നും സൂചനയുണ്ട്. ഇതിനുശേഷം റോജോ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തും. Content Highlights:koodathai murder case; royi thomass brother rojo thomas arrives in kochi


from mathrubhumi.latestnews.rssfeed https://ift.tt/2oELmoi
via IFTTT