Breaking

Sunday, October 6, 2019

റോയിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചു; സംശയം പ്രകടിപ്പിച്ച അമ്മാവനും സമാനവിധി

വടകര: റോയി തോമസ് ഭക്ഷണം കഴിച്ചശേഷം കുളിമുറിയിലേക്കു പോകുമ്പോഴാണു കുഴഞ്ഞുവീണതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സമീപം ജോളിയുമുണ്ടായിരുന്നു. സമീപത്ത് താമസിക്കുന്ന റോയിയുടെ അമ്മാവൻ മാത്യു ശബ്ദംകേട്ടു സ്ഥലത്തെത്തി. റോയിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാറെടുക്കാൻ ജോളി ഉച്ചത്തിൽ അമ്മാവൻ മാത്യുവിനോടു പറഞ്ഞു. പക്ഷേ, കുറേനേരം താക്കോൽ കണ്ടില്ല. താക്കോൽ വെച്ചത് ജോളി തന്നെയായിരുന്നു. ഒടുവിൽ താക്കോൽ കിട്ടുമ്പോഴേക്കും സമയം വൈകി.മനഃപൂർവം വൈകിക്കാൻ വേണ്ടിയായിരുന്നു ഈ നാടകമെന്നു സംശയിക്കുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും റോയി മരിച്ചു. അതുകൊണ്ടാണ് പോസ്റ്റുമോർട്ടം ചെയ്യേണ്ടിവന്നത്. ആത്മഹത്യയായി അന്ന് ഈ കേസ് എഴുതിത്തള്ളി. റോയിയുടെ മരണത്തിലും ടോംതോമസിന്റെ മരണത്തിലും അമ്മാവൻ മാത്യു സംശയം പ്രകടിപ്പിച്ചിരുന്നു. നേരത്തേ മരിച്ച ടോം തോമസ് മാത്യുവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്കുപോയി മിനിറ്റുകൾക്കുള്ളിലാണു മരിച്ചത്. ഇത് മാത്യുവിൽ സംശയമുണർത്തി. റോയി തോമസിന്റെ മരണം കൂടിയായതോടെ അത് വർധിച്ചു. എന്നാൽ, പിന്നീട് ഇദ്ദേഹവും സമാനരീതിയിൽ മരിച്ചു. വായിൽനിന്നു നുരയും പതയും വന്ന് കുഴഞ്ഞുവീണാണു മരിച്ചത്. അവിടെയും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതായി കണ്ടെത്തി. മരണവിവരം മറ്റുള്ളവരെ അറിയിച്ചത് ജോളിയാണെന്നാണു വിവരം.ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ സിലി, മകൾ അൽഫൈൻ എന്നിവർ മരിച്ചതും സമാന സാഹചര്യത്തിലാണ്. സിലി മരിച്ചത് ജോളിയുടെ മടിയിലാണ്. വായിൽനിന്ന് നുരയും പതയും വന്നിരുന്നു. ഇതിനുശേഷമാണ് ജോളി ഷാജുവിനെ വിവാഹം കഴിച്ചത്. ഷാജുവിന്റെ സ്വത്ത് കണ്ടിട്ടാണോ ഇതൊക്കെ ആസൂത്രണം ചെയ്തത് എന്നതും പോലീസ് അന്വേഷിച്ചുവരുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2AJSqlN
via IFTTT