Breaking

Sunday, October 6, 2019

അരൂർ ഉപേക്ഷിച്ചിട്ടും ബി.ജെ.പി.ക്ക് അനക്കമില്ല; ബി.ഡി.ജെ.എസിന് കടുത്ത അതൃപ്തി

കൊച്ചി:ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറിനിന്ന്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇടപെടാൻ തയ്യാറാകാതെ ബി.ജെ.പി. നേതൃത്വം അകലം പാലിക്കുന്നതിൽ ബി.ഡി.ജെ.എസിൽ അതൃപ്തി. പാർട്ടി ഉന്നയിച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാതെ വന്നപ്പോഴാണ് ബി.ഡി.ജെ.എസ്. അരൂർ സീറ്റ് ഉപേക്ഷിച്ചത്. എന്നാൽ ബി.ജെ.പി. നേതൃത്വം അത് ഗൗനിച്ചിട്ടില്ല. ബി.ഡി.ജെ.എസ്. ഉപേക്ഷിച്ച അരൂർ സീറ്റിലേക്ക് പെട്ടെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് അവരുടെ പ്രതിഷേധം ബി.ജെ.പി. കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ബി.ജെ.പി. കേന്ദ്ര നേതൃത്വവും ഇടപെട്ടില്ല. സീറ്റ് ഉപേക്ഷിച്ചെങ്കിലും എൻ.ഡി.എ.യ്ക്ക് ഒപ്പംതന്നെ നിൽക്കുമെന്ന് ബി.ഡി.ജെ.എസ്. വ്യക്തമാക്കിയെങ്കിലും ബി.ജെ.പി. നേതൃത്വം അതിന് വലിയ വില നൽകിയിട്ടുമില്ല. ഉപ തിരഞ്ഞെടുപ്പായതിനാൽ പരസ്യ പ്രതികരണം നടത്താതെ ബി.ജെ.പി. നേതാക്കൾ വിഷയം വിട്ടുകളയുകയാണ്. അരൂർ സീറ്റ് ഉപേക്ഷിച്ച ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഞായറാഴ്ച ചേരുന്ന ബി.ഡി.ജെ.എസ്. സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. പാലാ ഉപ തിരഞ്ഞെടുപ്പിൽ മുന്നണി വോട്ട് കുറഞ്ഞതിന്റെ പാപഭാരം ബി.ഡി.ജെ.എസിന്റെ തലയിലേക്ക് വെയ്ക്കുന്ന തരത്തിൽ ബി.ജെ.പി.യുടെ മുതിർന്ന നേതാക്കൾ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതും ബി.ഡി.ജെ.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി. യോഗത്തിന്റെ സഹായം ഉണ്ടായെന്ന് പാലായിൽ വിജയിച്ച ഇടതുസ്ഥാനാർഥി മാണി സി. കാപ്പൻതന്നെ പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായാണ് എൻ.ഡി.എ. വോട്ടുകൾ കുറഞ്ഞതിനു പിന്നിൽ ബി.ഡി.ജെ.എസ്. വോട്ടുകൾ മറിഞ്ഞതാണെന്ന പ്രതികരണം ബി.ജെ.പി. നേതാക്കളിൽനിന്ന് ഉണ്ടായത്. പാലായിൽ വോട്ട് കുറഞ്ഞതിന്റെ കാരണം ബി.ജെ.പി.ക്കുള്ളിൽ തന്നെയാണെന്നാണ് ബി.ഡി.ജെ.എസിന്റെ അഭിപ്രായം. പാലാ തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി. മണ്ഡലം പ്രസിഡന്റും ജില്ലാ പ്രസിഡന്റും തമ്മിൽ ഉണ്ടായ തർക്കത്തിൽ പരാജയത്തിന്റെ കാരണങ്ങളും കാണാമെന്നാണ് അവർ പറയുന്നത്. ബി.ഡി.ജെ.എസിനെ പാലായിലെ പ്രവർത്തനങ്ങളിൽ അടുപ്പിച്ചില്ലെന്നാണ് ആരോപണം. ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പാലായിൽ നാല് സ്ഥലങ്ങളിൽ പ്രചാരണത്തിന് വന്നപ്പോൾ, തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന സ്ഥാനാർഥി അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയും ബി.ഡി.ജെ.എസിനുണ്ട്. ബി.ജെ.പി. സ്ഥാനാർഥിതന്നെ പരാജയത്തിനുള്ള കളമൊരുക്കുകയായിരുന്നുവെന്ന് സൂചിപ്പിച്ചാണ് ബി.ഡി.ജെ.എസ്. നേതാക്കളുടെ വിമർശനം. അരൂരിൽ എൻ.ഡി.എ. വോട്ടുകൾ എത്ര നേടാൻ കഴിയുമെന്നത് ബി.ഡി.ജെ.എസുമായുള്ള ബന്ധം തുടരുന്നതിൽ നിർണായകമാവും. ബി.ജെ.പി. സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തിലെല്ലാം ബി.ഡി.ജെ.എസ്. നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഒപ്പം നിന്നിട്ടും ബി.ജെ.പി. ഗൗനിക്കുന്നില്ലെന്ന പരാതിയാണ് ബി.ഡി.ജെ.എസ്. നേതാക്കൾക്കുള്ളത്. Content Highlights:Aroor-bjp-bdjs conflict


from mathrubhumi.latestnews.rssfeed https://ift.tt/2LP4YP9
via IFTTT