തിരുവനന്തപുരം: സർക്കാർഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആരാധനാലയങ്ങൾ, വായനശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയ്ക്ക് അത്യാവശ്യത്തിനുള്ള ഭൂമിമാത്രം പതിച്ചുനൽകി ബാക്കി സർക്കാർ ഏറ്റെടുക്കും. കാലപ്പഴക്കമനുസരിച്ച് സ്ലാബ് തിരിച്ച് പണം ഈടാക്കിയായിരിക്കും ഭൂമി വിട്ടുനൽകുക. ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനത്തിന് ആവശ്യമെന്ന് സർക്കാർ വിലയിരുത്തുന്ന ഭൂമി മാത്രമായിരിക്കും വിട്ടുനൽകുക. ഇങ്ങനെ നൽകുന്ന ഭൂമി പിന്നീട് മറ്റാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്യും. ഇതു സംബന്ധിച്ച ഫയൽ ഉടൻ മന്ത്രിസഭാ തീരുമാനത്തിനായി വരും. കളക്ടർ അധ്യക്ഷനായ സമിതി, ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി എത്ര ഭൂമി വേണമെന്ന് പരിശോധിക്കും. ഉൾപ്രദേശങ്ങളിൽ ഏക്കർകണക്കിന് സർക്കാർഭൂമി അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുണ്ട്. നഗരങ്ങളിൽ വിസ്തൃതി കുറവെങ്കിലും ഒരു രേഖയുമില്ലാതെ സർക്കാർ ഭൂമി കൈയടക്കിവെച്ചിരിക്കുന്ന കേസുകളുമുണ്ട്. അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങളമടക്കമുള്ള സ്ഥാപനങ്ങളെ ഒഴിപ്പിച്ച് സർക്കാർഭൂമി മുഴുവൻ ഏറ്റെടുക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നാണ് അത്യാവശ്യത്തിനുള്ള ഭൂമി വിട്ടുനൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമി നിയമാനുസൃതമാകുമെന്നതാണ് ഇത് കൈവശം വെച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ നേട്ടം. അതേസമയം, സ്വന്തം സ്ഥലത്ത് സ്ഥിതിചെയ്യുകയും എന്നാൽ അതിനോട് ചേർന്നുള്ള സർക്കാർ ഭൂമി കൈയടക്കിവെച്ചിരിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് ഈ ആനൂകൂല്യം ലഭിക്കില്ല. സർക്കാർ പാട്ടത്തിനും മറ്റും നൽകിയ ഭൂമി ക്രമപ്പെടുത്താനും ഇതുവഴി കഴിയില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെ റവന്യൂ വകുപ്പാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ഇതു നടപ്പാക്കാൻ ഭൂപതിവ് ചട്ടത്തിൽ വ്യവസ്ഥയുള്ളതിനാൽ പ്രത്യേക നിയമനിർമാണം വേണ്ടിവരില്ല. സർക്കാർ ഉത്തരവ് മതിയാകും. അതേസമയം, അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയവർക്ക് അതു വിട്ടുനൽകുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം ഉയരുന്നുണ്ട്. എന്നാൽ, ധാരാളം ഭൂമി അന്യാധീനമായി കിടക്കുന്നതിനാൽ പ്രവർത്തനത്തിന് വേണ്ടതുമാത്രം വിട്ടുകൊടുത്ത് ബാക്കി ഏറ്റെടുക്കുന്നതാണ് പ്രായോഗികമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. വായനശാലകൾക്ക് ഇത്തരത്തിൽ സ്ഥലം നൽകുന്നത് രാഷ്ട്രീയ പാർട്ടികൾ കൈയൂക്കുകൊണ്ട് കൈവശമാക്കിയ പല സ്ഥലങ്ങളും അവരുടെ സ്വന്തമാകാൻ വഴിതുറക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പെങ്കിൽ സൗജന്യം, 2000 കഴിഞ്ഞെങ്കിൽ വിപണിവില രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന 1947-നു മുമ്പേ കൈവശംവെച്ചിരിക്കുന്ന ഭൂമിയാണെങ്കിൽ സൗജന്യമായിട്ടായിരിക്കും വിട്ടുനൽകുക. സ്വാതന്ത്ര്യലബ്ധിക്കുശേഷവും രാജ്യം റിപ്പബ്ലിക്കായ 1950-നും ഇടയിൽ കൈവശം ലഭിച്ച ഭൂമിയാണെങ്കിൽ ന്യായവിലയുടെ 25 ശതമാനം ഈടാക്കും. 1950 മുതൽ 1990 വരെയുള്ള കാലയളവിലാണ് ഭൂമി കൈവശം വന്നതെങ്കിൽ പതിച്ചുകിട്ടാൻ ന്യായവിലയുടെ 50 ശതമാനം നൽകണം. 2000-നു ശേഷമാണെങ്കിൽ വിപണി വിലയീടാക്കും. കാലാവധിയിലും നിരക്കുകളിലും മന്ത്രിസഭ പരിഗണിക്കുമ്പോൾ ചെറിയ വ്യത്യാസം വരാം. content highlights: The government will take over the illegal land
from mathrubhumi.latestnews.rssfeed https://ift.tt/32NBxmX
via
IFTTT