Breaking

Monday, October 7, 2019

അനർഹമായി റേഷൻ വാങ്ങിയവരിൽനിന്ന് പിഴ 58.96 ലക്ഷം

കോട്ടയം: അർഹതയില്ലാഞ്ഞിട്ടും മുൻഗണനാ റേഷൻകാർഡ് മുഖേന റേഷൻ വാങ്ങിയവരിൽനിന്ന് സിവിൽ സപ്ലൈസ് വകുപ്പ് പിഴയീടാക്കിയത് 58.96 ലക്ഷം രൂപ. ഓഗസ്റ്റ് 31വരെയുള്ള അന്വേഷണത്തിൽ ഈടാക്കിയ പിഴത്തുകയാണിത്. സൗജന്യനിരക്കിൽ വാങ്ങിയ ഉത്പന്നങ്ങളുടെ കമ്പോളവിലയാണ് പിഴയായി വാങ്ങിയത്. വിവിധ വകുപ്പുകളിൽനിന്ന് ലഭ്യമാക്കിയ ഡേറ്റാ മാപ്പിങ് ഉപയോഗിച്ചാണ് അനർഹരെ കണ്ടെത്തിയത്. ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇനിയും അനർഹർ മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുണ്ടെന്നാണ് വകുപ്പധികൃതരുടെ വിലയിരുത്തൽ. അടുത്തമാസങ്ങളിൽ വിശദമായ പരിശോധന നടത്തി കൂടുതൽ നിയമനടപടി സ്വീകരിക്കാനാണ് ശ്രമം. ഉപതിരഞ്ഞെടുപ്പുകൾ കഴിയുന്നതുവരെ നടപടി നിർത്തിവെയ്ക്കാനാണ് വകുപ്പുതലത്തിലുള്ള അനൗദ്യോഗിക ധാരണ. ഇതുവരെയുള്ള പരിശോധനകളിൽ നാലുലക്ഷം കുടുംബങ്ങളുടെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റി. പകരം അത്രയും അർഹരെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. പതിനേഴ് ലക്ഷത്തോളം പേർ ഇത്രയും കാർഡിലൂടെ ഗുണഭോക്താക്കളാകും. തുടർച്ചയായി റേഷൻ ഭക്ഷ്യോത്പന്നങ്ങൾ വാങ്ങാത്തവരെയും പട്ടികയിൽനിന്ന് നീക്കംചെയ്യാൻ നടപടി തുടങ്ങി. മേയ് മുതൽ ജൂലായ് വരെ 59,038 കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ലെന്നാണ് ശേഖരിച്ച കണക്കുകളിലുള്ളത്. ഇവരെ മുൻഗണനാപട്ടികയിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. പകരം അദാലത്ത് നടത്തി ഇത്രയും അർഹരെ മുൻഗണനാപട്ടികയിൽ പുതുതായി ചേർക്കും. content highlights:ration, bogus rations cards


from mathrubhumi.latestnews.rssfeed https://ift.tt/2AQek7b
via IFTTT