തൃശ്ശൂർ: കാൽനൂറ്റാണ്ടുമുമ്പ് ആർ.എസ്.എസ്. ഭാരവാഹി തൊഴിയൂർ സുനിലിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ നേതാവ് ചാവക്കാട് പാലയൂർ തരുവത്ര കറുപ്പം വീട്ടിൽ മൊയ്തു എന്ന മൊയ്നുദീൻ (49) ആണ് അറസ്റ്റിലായത്. തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ ചേകന്നൂർ മൗലവി തിരോധാനക്കേസ് പ്രതിയായ സൈതലവിയുടെ കൂട്ടാളിയാണെന്ന് സൂചനയുണ്ട്. ശനിയാഴ്ച മലപ്പുറത്തുനിന്നാണ് അറസ്റ്റുചെയ്തത്. കരാട്ടെ അധ്യാപകനായിരുന്ന മൊയ്നുദീൻ ഇപ്പോൾ ഹോട്ടൽ തൊഴിലാളിയാണ്. 1994-ലാണ് ആർ.എസ്.എസ്. കാര്യവാഹക് തൊഴിയൂർ മനങ്കുളം വീട്ടിൽ സുനിൽ (19) കൊല്ലപ്പെട്ടത്. കേസിൽ ജീവപര്യന്തം തടവിനുശിക്ഷിച്ച നാലു സി.പി.എം. പ്രവർത്തകർ നാലുവർഷത്തിലേറെ ജയിലിൽ കിടന്നിരുന്നു. പിന്നീട്, ഇവർക്ക് കേസിൽ പങ്കില്ലെന്നുകണ്ട് ഹൈക്കോടതി കുറ്റവിമുക്തരാക്കി. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ അറസ്റ്റ്. തുടരന്വേഷണം നടത്തിയ പ്രത്യേകസംഘത്തിന് തീവ്രവാദ സംഘടനയായ ജം ഇയ്യത്തുൽ ഇഹ്സാനിയയാണ് കൊലപാതകത്തിന് പിന്നിലെന്ന് സുപ്രധാന സൂചനലഭിച്ചിരുന്നു. 1994 ഡിസംബർ നാലിന് പുലർച്ചെ രണ്ടുമണിക്കായിരുന്നു കൊലപാതകം. സുനിൽ, സഹോദരൻ സുബ്രഹ്മണ്യൻ, അച്ഛൻ, അമ്മ, മൂന്നു സഹോദരിമാർ എന്നിവരെ വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിച്ചു. സുനിലിനെ വെട്ടിക്കൊന്നു. ശബ്ദംകേട്ടുണർന്ന സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്താണ് സംഘം രക്ഷപ്പെട്ടത്. ആദ്യം കേസന്വേഷിച്ച ലോക്കൽ പോലീസ് സി.പി.എം. പ്രവർത്തകരായ വി.ജി. ബിജി, ബാബുരാജ്, അനുഭാവികളായ ഹരിദാസ്, റഫീക്ക്, ജയ്സൺ, ജയിംസ് ആളൂർ, ഷെമീർ, അബൂബക്കർ, സുബ്രഹ്മണ്യൻ എന്നിവരെ പ്രതികളാക്കി കേസെടുത്തു. ഇവരിൽ വി.ജി. ബിജി, ബാബുരാജ്, റഫീക്ക്, ഹരിദാസൻ എന്നിവരെ തൃശ്ശൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കണ്ണൂർ ജയിലിൽ പ്രതികൾ ശിക്ഷ അനുഭവിക്കുന്നതിനിടെ 2012-ൽ തീവ്രവാദവിരുദ്ധ സ്ക്വാഡിന്റെ അന്വേഷണത്തിലാണ് സുനിൽ വധത്തിൽ തീവ്രവാദസംഘടനയ്ക്ക് പങ്കുണ്ടെന്നു കണ്ടെത്തിയത്. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ മുദ്രവെച്ച കവറിൽ ഹൈക്കോടതിക്കു കൈമാറി. തുടർന്ന്, പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി ഇവരെ കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകർ, ശങ്കരനാരായണൻ എന്നിവരടങ്ങിയ ബെഞ്ച്, ജം ഇയ്യത്തുൽ ഇഹ്സാനിയയ്ക്കു ബന്ധമുണ്ടെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാൻ ഉത്തരവിട്ടു. 2017-ലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ചേകന്നൂർ മൗലവിയുടെ തിരോധാനക്കേസിൽ പ്രതിയെന്നു സൂചന. Content Highlights:Rss leader murder case, jamiyyathul ishania leader culprit got arrested after 25 years, Thrissur
from mathrubhumi.latestnews.rssfeed https://ift.tt/2pe5Eow
via
IFTTT