മുംബൈ:ഐ.ആർ.സി.ടി.സി. ഏറ്റെടുത്തുനടത്തുന്ന ഡൽഹി-ലഖ്നൗ തേജസ് എക്സ്പ്രസ് വൈകിയതുവഴി യാത്രക്കാർക്ക് തിരികെ ലഭിക്കുക ആകെ 1.62 ലക്ഷം രൂപ. മൂന്നുമണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിന് ഓരോ യാത്രക്കാരനും 250 രൂപ വീതമാണ് നഷ്ടപരിഹാരം നൽകുന്നത്. ഒരു മണിക്കൂർ വൈകിയെത്തിയാൽ നൂറുരൂപവീതവും രണ്ടുമണിക്കൂറോ അതിലധികമോ വൈകിയാൽ 250 രൂപ വീതവുമാണ് നഷ്ടപരിഹാരമായി ഐ.ആർ.സി.ടി.സി. പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബർ 19-ന് തേജസ് എക്സ്പ്രസ് മൂന്നുമണിക്കൂറിലധികം വൈകിയിരുന്നു. ലഖ്നൗവിൽനിന്ന് രാവിലെ 6.10-ന് പുറപ്പെടേണ്ട ട്രെയിൻ 9.55-നാണ് തിരിച്ചത്. ഡൽഹിയിൽനിന്നുമടങ്ങാൻ രണ്ടുമണിക്കൂർ അധികമെടുത്തു. ഇരു യാത്രകളിലുമായി ആയിരത്തോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റെയിൽവേയിൽനിന്ന് ഐ.ആർ.സി.ടി.സി. ഏറ്റെടുത്തു നടത്തുന്ന ആദ്യതീവണ്ടിയായ തേജസ് എക്സ്പ്രസ് ഒക്ടോബർ ആദ്യമാണ് ഓടിത്തുടങ്ങിയത്. നഷ്ടപരിഹാരം ലഭിക്കാനായി പി.എൻ.ആർ. നമ്പറും ബാങ്ക് അക്കൗണ്ട് വിവരവും എത്രമണിക്കൂർ വൈകി എന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കണം. ഓൺലൈനിൽ ലഭ്യമായ ഫോമിലാണ് ഇവ നൽകേണ്ടത്. ഇതനുസരിച്ച് ഇൻഷുറൻസ് കമ്പനിയായിരിക്കും നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് ഐ.ആർ.സി.ടി.സി. വ്യക്തമാക്കി. തേജസ് എക്സ്പ്രസ് ആദ്യത്തെ 25 ലക്ഷം യാത്രക്കാർക്ക് സൗജന്യമായാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്കിടെ വസ്തുക്കൾ മോഷണം പോയാൽ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരവും ഇൻഷൂറൻസ് പരിരക്ഷയിലുണ്ട്. Rs 1.62 lakh compensation for delay of Tejas Express
from mathrubhumi.latestnews.rssfeed https://ift.tt/3600gGk
via
IFTTT