Breaking

Saturday, August 3, 2019

ഫ്‌ളോറിഡയില്‍ ആവേശപ്പൂരം; ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്ക് തുടക്കം

ഫ്ളോറിഡ: ഇംഗ്ലണ്ടിൽ സമാപിച്ച ഏകദിന ക്രിക്കറ്റ് ലോകകപ്പ് മറക്കാം. ടീം ഇന്ത്യ പുതിയയാത്രയ്ക്ക് തുടക്കം കുറിക്കുന്നു. വിൻഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്ക് ശനിയാഴ്ച അമേരിക്കയിലെ ഫ്ളോറിഡയിൽ തുടക്കം. മൂന്നു കളികളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിന് തുടങ്ങും. ആദ്യ രണ്ടു മത്സരങ്ങളും ഫ്ളോറിഡയിലെ സെൻട്രൽ ബ്രോവാർഡ് കൗണ്ടി സ്റ്റേഡിയത്തിലാണ്. അവസാന മത്സരം ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ. ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത് ശർമയിൽനിന്ന് ഭീഷണി നേരിടുന്ന വിരാട് കോലിക്കും പുതിയ പരിശീലകനെത്തേടുന്ന സമയമായതിനാൽ രവി ശാസ്ത്രിക്കും വിൻഡീസ് പരമ്പര നിർണായകമാണ്. ഇന്ത്യൻ ടീമിനകത്ത് ഭിന്നതകളുണ്ടെന്ന ആരോപണങ്ങൾക്ക് തടയിടാനും ജയം വേണം. പ്രതീക്ഷയോടെ പുതുനിര അടുത്ത ട്വന്റി-20 ലോകകപ്പിലേക്കുള്ള ടീമിനെ വാർത്തെടുക്കാനുള്ള ആദ്യവേദിയാണ് വിൻഡീസ്. ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ ശ്രേയസ്സ് അയ്യരും മനീഷ് പാണ്ഡെയും സ്ഥാനമുറപ്പിക്കാൻ അവസരം കാത്തിരിക്കുന്നു. ഇവിടെ തിളങ്ങിയാൽ ഇരുവരും മധ്യനിരയിൽ സ്ഥിരസാന്നിധ്യമാകും. 2018 നവംബറിലാണ് പാണ്ഡെ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. 2018 ഫെബ്രുവരിയിലായിരുന്നു ശ്രേയസ്സിന്റെ അവസാന മത്സരം. ഈയിടെ വിൻഡീസ് എ ടീമിനെതിരായ മികച്ച പ്രകടനത്തോടെ സീനിയർ ടീമിലേക്ക് തിരികെയെത്തി. ബൗളിങ്ങിലും അവസരംകാത്ത് ഒട്ടേറെ പേരുണ്ട്. സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറും പേസ് ബൗളർമാരായ ഖലീൽ അഹമ്മദും ദീപക് ചഹാറും ഒരിടവേളയ്ക്കുശേഷം ടീമിലെത്തി. ഇതിനുപുറമേ രാഹുൽ ചഹാറും നവ്ദീപ് സൈനിയും അരങ്ങേറ്റം കാത്തിരിക്കുന്നു. ധവാൻ തിരിച്ചെത്തും ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ശനിയാഴ്ച രോഹിത് ശർമയ്ക്കൊപ്പം ധവാൻ ഓപ്പൺ ചെയ്യും. മൂന്നാം നമ്പറിൽ വിരാട് കോലിയും നാലാം നമ്പറിൽ ലോകേഷ് രാഹുലും ബാറ്റിങ്ങിനിറങ്ങും. വിക്കറ്റ് കീപ്പറുടെ റോളിൽ ഋഷഭ് പന്ത് വരും. മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യർ എന്നിവരിൽ ഒരാളായിരിക്കും ആറാം നമ്പറിലെത്തുക. ക്രുണാൽ പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഓൾറൗണ്ടർമാരായി ഇടംകണ്ടെത്തിയേക്കും. പേസ് ബൗളിങ്ങിനെ ഭുവനേശ്വർ കുമാർ നയിക്കും. ഇടങ്കയ്യൻ പേസർ ഖലീൽ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചഹാർ എന്നിവരിൽ രണ്ടുപേർക്ക് അവസരം കിട്ടും. തിരിച്ചുവരാൻ വിൻഡീസ് ലോകകപ്പിൽ നിറംമങ്ങിയ വിൻഡീസ് ഇവിടെ തിരിച്ചുവരാൻ ഒരുങ്ങുന്നു. ട്വന്റി-20 ക്രിക്കറ്റിൽ എന്നും അപകടകാരികളാണ് വിൻഡീസ്. ലോകകപ്പിൽ ഇടംകിട്ടാതിരുന്ന സുനിൽ നരെയ്നും കീറൺ പൊള്ളാഡും ടീമിലുണ്ട്. കാർലോസ് ബ്രാത്വൈറ്റാണ് ക്യാപ്റ്റൻ. ആന്ദ്രെ റസൽ, ഷിംറോൺ ഹെറ്റ്മെയർ, നിക്കോളസ് പൂരാൻ, ഒഷെയ്ൻ തോമസ്, ഷെൽഡൻ കോട്രൽ എന്നിവരും ടീമിനൊപ്പമുണ്ട്. Content Highlights: India vs West Indies First T20 Cricket


from mathrubhumi.latestnews.rssfeed https://ift.tt/2MCrhZw
via IFTTT