Breaking

Thursday, August 29, 2019

പാകിസ്താൻ മൂന്ന് വ്യോമപാതയടച്ചു

ഇസ്ലാമാബാദ്: കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ പാകിസ്താൻ അടച്ചു. ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവിൽ ഏവിയേഷൻ അധികൃതരാണ് അറിയിച്ചത്. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണമായും വിലക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. സെപ്റ്റംബർ ഒന്നിന് വിലക്ക് അവസാനിക്കും. അതേസമയം, ജമ്മുകശ്മീർ വിഷയം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ അടുത്തമാസം നടക്കാനിരിക്കുന്ന യു.എൻ. പൊതുസഭയിൽ ശക്തമായിത്തന്നെ അവതരിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ബുധനാഴ്ച പറഞ്ഞു. കശ്മീരികളുടെ വികാരങ്ങൾ ഇമ്രാൻഖാൻ ലോകത്തെ അറിയിക്കും. ന്യൂയോർക്കിൽ നടക്കുന്ന മറ്റുപരിപാടികളിലും ഉഭയകക്ഷിചർച്ചകളിലും ഇമ്രാൻ പങ്കെടുക്കുമെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂർണമായും തടയുന്നതു സംബന്ധിച്ച് ഇമ്രാൻ ആലോചിക്കുന്നതായി ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി ഫവാദ് ചൗധരി ചൊവ്വാഴ്ച ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യവും പാകിസ്താൻവഴിയുള്ള ഇന്ത്യ-അഫ്ഗാൻ വ്യാപാരവും വിലക്കുന്ന കാര്യവും ചൊവ്വാഴ്ച പാക് മന്ത്രിസഭ ചർച്ചചെയ്തിരുന്നു. അന്തിമതീരുമാനം ഇമ്രാൻ കൈക്കൊള്ളും. ബാലാകോട്ട് ആക്രമണത്തിനുപിന്നാലെ ഫെബ്രുവരിയിൽ പാകിസ്താൻ വ്യോമപാത പൂർണമായും അടച്ചിരുന്നു. മാർച്ച് 27-ന് ഇന്ത്യ, തായ്ലാൻഡ്, ഇൻഡൊനീഷ്യ എന്നിവയൊഴികെയുള്ള രാജ്യങ്ങൾക്കായി പാത തുറന്നുകൊടുത്തു. ജൂലായ് 16-നാണ് പാകിസ്താൻ പിന്നീട് വ്യോമപാത പൂർണമായി തുറന്നത്. content highlights:pakistan closes air routes


from mathrubhumi.latestnews.rssfeed https://ift.tt/2ZnPbiW
via IFTTT