Breaking

Saturday, August 31, 2019

അതിരൂപതയുടെ പൂർണ ഭരണച്ചുമതല മാർ ആന്റണി കരിയിലിന്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല ഇനി ബിഷപ്പ് മാർ ആന്റണി കരിയിലിന്. മേജർ ആർക്കി എപ്പിസ്കോപ്പൽ വികാരി (മെത്രാപ്പൊലീത്തൻ വികാരി) എന്നാവും തസ്തികയുടെ പേര്. ആർച്ച് ബിഷപ്പ് പദവിയോടെയാണ് നിയമനം. വത്തിക്കാനിലെ ഈ രീതി ഇതാദ്യമായാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അതിരൂപതയിൽ ഭരണച്ചുമതലയുണ്ടാകില്ല.ഇപ്പോൾ മാണ്ഡ്യ ബിഷപ്പും സിറോ മലബാർ സഭ സിനഡ് സെക്രട്ടറിയുമാണ് മാർ കരിയിൽ. എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മാണ്ഡ്യയിലെ ബിഷപ്പാകും. പുറത്താക്കപ്പെട്ട മറ്റൊരു സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് സഹായ മെത്രാനായി നിയമിച്ചു. ഇവർ ചുമതലയേൽക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. അതുവരെ ഇവർ അരമനയിൽ തിരിച്ചെത്തും. ബിജ്‌നോർ രൂപതയുടെ പുതിയ മെത്രാനായി അവിടെ വികാരിയായ ഫാ. വിൻസെന്റ് നെല്ലായിപ്പറമ്പിലിനെയും 11 ദിവസം നീണ്ട സഭാ സിനഡ് തിരഞ്ഞെടുത്തു. മെത്രാഭിഷേകം പിന്നീട് നടക്കും. ഇന്ത്യൻ സമയം മൂന്നരയ്ക്ക് വത്തിക്കാനിലും സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് സെയ്‌ന്റ് തോമസ് മൗണ്ടിലും പ്രഖ്യാപനം നടന്നു. മാർ ആന്റണി കരിയിലിന് അതിരൂപതയുടെ പൂർണ ഭരണച്ചുമതലയാണ്. ഭരണം, സാമ്പത്തികം, വൈദികരുടെ നിയമനവും സ്ഥലംമാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ അധികാരത്തിലാവും. സിവിൽ നിയമമനുസരിച്ച് അതിരൂപതയെ പ്രതിനിധീകരിക്കുന്നതും രേഖകളിൽ ഒപ്പുവെയ്ക്കുന്നതും മാർ കരിയിലാകും. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, അതിരൂപതയുടെ മെത്രാപ്പൊലീത്തയായി തുടരുന്നതിനാൽ മറ്റൊരു ആർച്ച് ബിഷപ്പിനെ നിയമിക്കാൻ കഴിയില്ല. അതിനാലാണ് വത്തിക്കാൻ മാതൃകയിൽ ’മേജർ ആർക്കി എപ്പിസ്കോപ്പൽ വികാർ’ എന്ന പുതിയ തസ്തിക സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും വ്യക്തമാക്കുന്ന മാർഗരേഖ സിനഡ് അംഗീകരിച്ചതായി സഭയുടെ മീഡിയ കമ്മിഷൻ പത്രക്കുറിപ്പിൽ പറഞ്ഞു.മാർ കരിയിൽ ചുമതലയേറ്റു. സി.എം.ഐ. സന്ന്യാസ സഭക്കാരനായ മാർ ആന്റണി കരിയിൽ ചേർത്തല ചാലിൽ ഇടവകയിൽ കരിയിൽ പരേതരായ ജോസഫിന്റെയും കൊച്ചു ത്രേസ്യയുടെയും മകനാണ്. ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽ അധ്യാപകനായും പ്രിൻസിപ്പലായും പ്രവർത്തിച്ചു. കളമശ്ശേരി രാജഗിരി കോളേജിന്റെ പ്രിൻസിപ്പൽ, കൊച്ചിയിലെ രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ തുടങ്ങി നിരവധി പദവികളിൽ പ്രവർത്തിച്ചു. 2015-ലാണ് മാണ്ഡ്യ രൂപതയുടെ മെത്രാനായത്. ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് വൈക്കം എടയന്ത്രത്ത് ചാക്കോ-ത്രേസ്യാമ്മ ദമ്പതിമാരുടെ മകൻ. 17 വർഷമായി അതിരൂപതയുടെ സഹായ മെത്രാനാണ്. ഇടപ്പള്ളി പുത്തൻവീട്ടിൽ ദേവസി-മേരി ദമ്പതിമാരുടെ മകനാണ് മാർ ജോസ് പുത്തൻവീട്ടിൽ. ആറു വർഷമായി സഹായ മെത്രാനാണ്. ഉത്തരാഖണ്ഡിലെ ബിജ്‌നോർ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട ഫാ. വിൻസെന്റ് നെല്ലായിപ്പറമ്പിൽ ഇരിങ്ങാലക്കുട പറപ്പൂക്കര ഇടവകയിലെ ലോനപ്പൻ-റോസി ദമ്പതിമാരുടെ മകനാണ്.


from mathrubhumi.latestnews.rssfeed https://ift.tt/32juRMB
via IFTTT