പാലക്കാട്: പി.കെ. ശശി എം.എൽ.എ. സി.പി.എം. പാലക്കാട് ജില്ലാകമ്മിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകണമെന്ന് ജില്ലാകമ്മിറ്റി ശുപാർശ. സസ്പെൻഷൻ കാലാവധിക്കുശേഷം ശശി പാർട്ടിയുടെ ഏതുഘടകത്തിലാണ് പ്രവർത്തിക്കേണ്ടത് എന്നതുസംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കാനിരിക്കെയാണ് ഈ ശുപാർശ. സസ്പെൻഷൻ കാലയളവിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചതായി ജില്ലാകമ്മിറ്റി വിലയിരുത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന സി.പി.എം. ജില്ലാകമ്മിറ്റിയോഗം ഈ ശുപാർശ അംഗീകരിച്ചു. 44 അംഗ ജില്ലാകമ്മിറ്റിയിൽ ഒറ്റപ്പെട്ട ചില എതിർസ്വരങ്ങൾ ഉയർന്നെങ്കിലും അവയ്ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗമായ വനിത ശശിക്കെതിരേ പീഡനാരോപണം ഉന്നയിച്ച് കേന്ദ്രകമ്മിറ്റിക്ക് നൽകിയ പരാതിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 2018 ഓഗസ്റ്റിലാണിത്. പാർട്ടി കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ. ശ്രീമതിയും എ.കെ. ബാലനും നടത്തിയ അന്വേഷണത്തെത്തുടർന്നായിരുന്നു നവംബറിൽ ശശിക്കെതിരായ നടപടി. മേയ് മാസത്തോടെ സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും പി.കെ. ശശി പ്രവർത്തിക്കേണ്ട ഘടകം സംബന്ധിച്ച് തീരുമാനിച്ചിരുന്നില്ല. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ പി.കെ. ശശി പ്രവർത്തിക്കേണ്ട ഘടകം സംബന്ധിച്ച് ചർച്ചവന്നിരുന്നു. തിങ്കളാഴ്ച രാവിലെമുതൽ ചേർന്ന ജില്ലാകമ്മിറ്റിയോഗം രാത്രി വൈകിയാണ് അവസാനിച്ചത്. തിങ്കളാഴ്ചത്തെ ജില്ലാകമ്മിറ്റി യോഗത്തിൽ ആറുപേർ മാത്രമാണ് പി.കെ. ശശിയെ ജില്ലാകമ്മിറ്റിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെതിരേ അഭിപ്രായം പറഞ്ഞതെന്നാണ് സൂചന. ചൊവ്വാഴ്ച ജില്ലയുടെ വിവിധ ഏരിയാകമ്മിറ്റികൾക്കുകീഴിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുന്ന റിപ്പോർട്ടിങ് നടക്കും. 28-ന് സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം ഒരുദിവസംകൂടി സെക്രട്ടറി പാലക്കാട്ടുണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരം പാലക്കാട്ട് വിശദീകരണയോഗവും നടക്കും. content highlights:P. K. Sasi mla palakkad cpm
from mathrubhumi.latestnews.rssfeed https://ift.tt/2MGBapS
via
IFTTT