Breaking

Tuesday, August 27, 2019

കോടതിയിലും ഒത്തുതീർപ്പാകാതെ തുഷാർ കേസ്

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരേ യു.എ.ഇ.യിലുള്ള ചെക്ക് കേസ് കോടതിയിലും ഒത്തുതീർപ്പായില്ല. തുഷാർ വാഗ്ദാനംചെയ്ത തുക കുറവാണെന്ന് പരാതിക്കാരനായ നാസിൽ അബ്ദുള്ള പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ പരാജയപ്പെട്ടത്. അജ്മാൻ കോടതിയിൽ തിങ്കളാഴ്ച കേസിന്റെ വിവര-തെളിവ് ശേഖരണം നടന്നു. നാസിൽ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാർ കോടതിയിൽ പറഞ്ഞു. എങ്കിൽ എന്തുകൊണ്ട് മോഷണസമയത്ത് പരാതി നൽകിയില്ലെന്ന് കോടതി ചോദിച്ചു. ചെക്ക് മോഷ്ടിച്ചതാണെങ്കിൽ അതിന് പ്രത്യേക പരാതി നൽകണമെന്നും ആ വാദം ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂട്ടർ നിലപാടെടുത്തു. തന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ചകൾക്ക് തയ്യാറാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് തയ്യാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടർന്ന് തുഷാറിനെതിരായ കേസ് പിൻവലിക്കാൻ നാസിൽ ഒരു തുക ആവശ്യപ്പെട്ടു. ആ തുക തുഷാറിന് സ്വീകാര്യമായില്ല. അതോടെ ചെക്ക് കേസ് ഒത്തുതീർപ്പാക്കാനുള്ള അജ്മാൻ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞ് പ്രോസിക്യൂട്ടർ ഇരുവരെയും വീണ്ടും വിളിപ്പിക്കും. അതേസമയം, കോടതിക്കുപുറത്ത് സമാന്തരമായി ഒത്തുതീർപ്പുചർച്ചകൾ തുടരുകയാണ്. നാസിലും തുഷാറും തമ്മിൽ നേരിട്ടുള്ള ചർച്ചയുണ്ടാകില്ല. ഇരുവരുടെയും സുഹൃത്തുക്കൾ തമ്മിലാണ് ചർച്ച നടത്തുന്നത്. പത്തൊമ്പത് കോടി രൂപ മുഴുവനും കിട്ടിയാൽമാത്രമേ പരാതി പിൻവലിക്കൂവെന്നാണ് നാസിലിന്റെ നിലപാട്.കേസ് നടപടികൾ നീണ്ടാൽ തുഷാറിന് അനിശ്ചിതമായി യു.എ.ഇ.യിൽ തങ്ങേണ്ടിവരും. ഈ സാഹചര്യത്തിൽ തുഷാർ കോടതിക്കു പുറത്ത് ഒത്തുതീർപ്പിന് വഴങ്ങുമെന്നാണ് നാസിലിന്റെ പ്രതീക്ഷ.


from mathrubhumi.latestnews.rssfeed https://ift.tt/327L8nL
via IFTTT