Breaking

Friday, August 30, 2019

പാക് പ്രസ്താവനകൾ നിരുത്തരവാദപരമെന്ന് ഇന്ത്യ; പാകിസ്താന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു

ന്യൂഡൽഹി:ജമ്മുകശ്മീരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് അന്താരാഷ്ട്രസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് ഇന്ത്യ. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിനെതിരേയുള്ള പാകിസ്താൻറെ പ്രസ്താവനകൾ നിരുത്തരവാദപരമാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ സജ്ജമാണെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ ജമ്മുകശ്മീരിൽ മനുഷ്യാവകാശലംഘനം നടത്തുകയാണെന്നും ഇക്കാര്യം എല്ലാ അന്താരാഷ്ട്രവേദികളിലും ഉയർത്തുമെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞിരുന്നു. “പാക് നേതാക്കളുടെയും മറ്റുള്ളവരുടെയും പ്രസ്താവനകളെ ശക്തിയായി അപലപിക്കുന്നു. ഇന്ത്യയിൽ ജിഹാദും അക്രമവും നടത്താനുള്ള ആഹ്വാനമുൾപ്പെടെ നിരുത്തരവാദപരമായ പ്രസ്താവനകൾ ഉയരുന്നുണ്ട്. കശ്മീരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണിത്. പാകിസ്താൻ നുണപറയുകയാണെന്ന് അന്താരാഷ്ട്രസമൂഹം തിരിച്ചറിയുന്നുണ്ടെന്ന് അവർ മനസ്സിലാക്കണം”- രവീഷ് കുമാർ പറഞ്ഞു. ഭീകരത രാഷ്ട്രനയമാക്കിയ രാജ്യമാണ് പാകിസ്താൻ. ഇന്ത്യയിലേക്ക് പാകിസ്താൻ ഭീകരത കയറ്റിയയക്കുകയാണ്. പാകിസ്താനിലെ മനുഷ്യാവകാശമന്ത്രി ഷിരീൻ എം. മസാരി ഇന്ത്യക്കെതിരേ ഐക്യരാഷ്ട്രസഭയ്ക്കെഴുതിയ കത്തിന് കടലാസിന്റെ വിലപോലും കൽപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യോമപാതയടച്ച വിവരമില്ല പാകിസ്താൻ വ്യോമപാതകൾ അടച്ചതായി ഇതുവരെ ഔദ്യോഗികപ്രസ്താവനകളില്ല. ചില വ്യോമപാതകൾ നിശ്ചിതസമയത്തേക്ക് അടച്ചിട്ടുണ്ടാകാം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയുണ്ടായിട്ടില്ല. എന്നാൽ, വ്യാഴാഴ്ച 'ഗസ്നവി' മിസൈൽ പരീക്ഷിക്കുന്ന വിവരം ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന് രവീഷ് കുമാർ പറഞ്ഞു. കശ്മീരിൽ മരുന്നുക്ഷാമമില്ല ജമ്മുകശ്മീരിൽ മരുന്നുക്ഷാമമുണ്ടെന്ന പ്രചാരണം തെറ്റാണ്. ഒരാശുപത്രിയിലും മരുന്നുക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. മരുന്നുകിട്ടാതെ മരണങ്ങളുമുണ്ടായിട്ടില്ല. ജമ്മുകശ്മീരിൽ സാധാരണനില കൈവരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. 10 ജില്ലയിൽ മൊബൈൽ ഫോൺ സർവീസ് സാധാരണനിലയിലായി. ലാൻഡ്ലൈനുകൾ ഘട്ടംഘട്ടമായി പ്രവർത്തനസജ്ജമാക്കും. ബ്ലോക്ക് തിരഞ്ഞെടുപ്പുകൾ ഒക്ടോബറോടെ പൂർത്തിയാക്കും. ബാങ്കുകളും എ.ടി.എമ്മുകളും സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ട്. പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാധവിന് നയതന്ത്രസഹായം നൽകുന്നതിന് പാകിസ്താനുമായി ഇന്ത്യ ബന്ധപ്പെട്ടു കൊണ്ടിരിക്കയാണെന്നും രവീഷ് കുമാർ പറഞ്ഞു. content highlights:Jammu and Kashmir


from mathrubhumi.latestnews.rssfeed https://ift.tt/2NGr5bY
via IFTTT