Breaking

Thursday, August 29, 2019

വൈദ്യുത പോസ്റ്റുകളിൽ കേബിൾ വലിക്കാൻ ജിയോ; എതിർപ്പുമായി സി.പി.എം. സംഘടന

തിരുവനന്തപുരം: വൈദ്യുത പോസ്റ്റുകളിൽ റിലയൻസ് ജിയോയുടെ കേബിൾ വലിക്കുന്നതിനെതിരേ വൈദ്യുതബോർഡിലെ സി.പി.എം. അനുകൂല സംഘടന രംഗത്ത്. 'ഫൈബർ ടു ഹോം' പദ്ധതിപ്രകാരം അഞ്ചുലക്ഷം പോസ്റ്റുകളിലൂടെ കേബിൾ വലിക്കാൻ അനുമതിതേടി ജിയോ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരേയാണ് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ പ്രതികരിച്ചത്. വർഷം 459 രൂപ വീതം വാടകയ്ക്ക് കേബിൾ വലിക്കാൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. അഞ്ചുവർഷത്തേക്കാണിത്. ഒരുലക്ഷം പോസ്റ്റുകളിലാണ് ആദ്യഘട്ടത്തിൽ കേബിളിടുക. ജിയോയുടെ അപേക്ഷ ബോർഡ് സർക്കാരിനു കൈമാറി. സർക്കാർ സാധ്യതാപഠനത്തിന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ബോർഡിന്റെ വിതരണശൃംഖല ജിയോയ്ക്ക് നൽകുന്നത് കെ-ഫോൺ പദ്ധതിയെയും വൈദ്യുതി സുരക്ഷയെയും ബാധിക്കുമെന്ന് സംഘടന പറയുന്നു. ഈ ശൃംഖല ഉപയോഗപ്പെടുത്തി 20 ലക്ഷം ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന പദ്ധതിയാണ് കെ-ഫോൺ. ഈ പദ്ധതിയുടെ കരാറിൽ സ്വകാര്യകമ്പനികൾക്ക് പുതുതായി കേബിൾ വലിക്കാൻ അനുമതി നൽകില്ലെന്ന് വൈദ്യുതി ബോർഡ് തീരുമാനിച്ചതായും സംഘടന ചൂണ്ടിക്കാട്ടുന്നു. 2015-ൽ ഇതേ ആവശ്യവുമായി കമ്പനി വന്നപ്പോൾ വൈദ്യുതി ബോർഡിൽനിന്നുതന്നെ ശക്തമായ എതിർപ്പുണ്ടായതായും അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്. അന്ന് താത്കാലികാടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്ക് ജിയോയ്ക്ക് അരലക്ഷം പോസ്റ്റുകളിൽ കേബിൾ വലിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കാലാവധി തീരുന്ന മുറയ്ക്ക് ഇതും പിൻവലിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അരലക്ഷം പോസ്റ്റുകളിൽ കേബിൾ വലിക്കാൻ അനുമതി നൽകിയതെന്ന് ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഇനിയും പോസ്റ്റുകൾ അനുവദിക്കുന്നത് സർക്കാരിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്ന് ആ ഉത്തരവിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. content highlights:Jio GigaFiber,jio fiber to home,kseb


from mathrubhumi.latestnews.rssfeed https://ift.tt/2HvtGSn
via IFTTT