ന്യൂഡൽഹി: കൂടുതൽ വെള്ളം വേണ്ടിവരുന്ന വിളകൾക്കുള്ള സബ്സിഡി നിയന്ത്രിക്കണമെന്നും കുറഞ്ഞ താങ്ങുവില പരിമിതപ്പെടുത്തണമെന്നും കയറ്റുമതി പ്രോത്സാഹിപ്പിക്കരുതെന്നും നീതി ആയോഗ്. ഇക്കാര്യങ്ങൾ പരിഗണിച്ചായിരിക്കണം കാർഷികനയം തയ്യാറാക്കേണ്ടതെന്നും കേന്ദ്ര ജലശക്തി, ഗ്രാമവികസന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പുറത്തിറക്കിയ സംയോജിത ജല മാനേജ്മെന്റ് സൂചികാ റിപ്പോർട്ടിൽ പറയുന്നു. ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്താണ് കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തിറക്കിയത്. കൃഷിക്കു കൂടുതൽ വെള്ളം ആവശ്യമുള്ള നെല്ല്, പരുത്തി, കരിമ്പ് തുടങ്ങിയ വിളകൾക്കുള്ള സബ്സിഡിയും കുറഞ്ഞ താങ്ങുവിലയും പരിമിതപ്പെടുത്തണം. ബസ്മതി അരിപോലെ കൂടുതൽ വെള്ളംവേണ്ട വിളകളുടെ കയറ്റുമതി നിരുത്സാഹപ്പെടുത്തണം. 2014-15ൽ 37 ലക്ഷം ടൺ ബസ്മതി അരി കയറ്റുമതിചെയ്യാൻ 10 ലക്ഷം കോടി ലിറ്റർ വെള്ളമാണ് ഉപയോഗിച്ചതെന്ന് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു. വെള്ളം കൂടുതൽ ആവശ്യമുള്ള വിളകൾക്കുള്ള കാർഷികസഹായം ഒ.ഇ.സി.ഡി. (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്) രാജ്യങ്ങൾ കുറച്ചതോടെ ഇത്തരത്തിലുള്ള വിളകൾ കൃഷിചെയ്യുന്നതും അതുവഴി ജല ഉപയോഗവും കുറയ്ക്കാൻ കഴിഞ്ഞു. ഫലപ്രദമായ ജലവിനിയോഗം നടന്നില്ലെങ്കിൽ ഭാവിയിൽ രാജ്യം നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകളും റിപ്പോർട്ടിൽ പറയുന്നു. ശുദ്ധജലം ലഭ്യമാകാതെവരുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കും. ഗോതമ്പുത്പാദനമേഖലയിൽ 74 ശതമാനം പ്രദേശത്തും നെല്ലുത്പാദനമേഖലയിൽ 65 ശതമാനം പ്രദേശത്തും ജലക്ഷാമം രൂക്ഷമാണ്. 2030-ഓടെ വെള്ളത്തിന്റെ ലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരം 570 ബി.സി.എം. (ബില്യൺ ക്യുബിക് മീറ്റർ) ആയിരിക്കും. മറ്റു നിർദേശങ്ങൾ * കാർഷിക ജല കയറ്റുമതി സൂചിക വികസിപ്പിക്കണം. കൃഷിക്ക് കൂടുതൽ ജലം ഉപയോഗിക്കേണ്ടിവരുന്ന വിളകൾ കയറ്റുമതി ചെയ്യുന്നതുവഴി ഫലത്തിൽ ജലത്തിന്റെ കയറ്റുമതി തന്നെയാണ് നടക്കുന്നത്. ജല കയറ്റുമതി സൂചിക തയ്യാറാക്കുന്നതുവഴി ഏതു വിളകൾ കയറ്റുമതി ചെയ്യുമ്പോഴാണ് കൂടുതൽ ജല കയറ്റുമതി നടക്കുന്നതെന്നു കണ്ടെത്താനാകും. * ജല വിനിയോഗം ഫലപ്രദമാക്കുന്നതിന് സൂക്ഷ്മ ജലസേചനം വ്യാപിപ്പിക്കണം. ഓരോ തുള്ളിക്കും കൂടുതൽ വിള ലഭിക്കാൻ കണികാ ജലസേചനം പ്രോത്സാഹിപ്പിക്കണം. * നഗരങ്ങളിൽ 2030-ഓടെ വെള്ളത്തിന്റെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം 50 ബി.സി.എം. (ബില്യൺ ക്യുബിക് മീറ്റർ) ആയിരിക്കും. നഗരാസൂത്രണത്തിലും പുതിയ നിർമാണങ്ങൾക്കും വികസനപദ്ധതികൾക്കും അനുമതി നൽകുമ്പോഴും സുസ്ഥിരമായ ജലലഭ്യത ഉറപ്പാക്കണം. * ജലലഭ്യതയിലെ കുറവ് വ്യാവസായികോത്പാദനത്തെ ബാധിക്കും. ഓരോ വ്യവസായത്തിനും ഉപയോഗിക്കാവുന്ന ജലത്തിനു പരിധി നിശ്ചയിക്കണം. ജലസ്രോതസ്സില്ലാത്ത പ്രദേശങ്ങളിൽ കൂടുതൽ ജലം വേണ്ടിവരുന്ന വ്യവസായങ്ങൾക്ക് അനുമതിനൽകരുത്. * വ്യവസായങ്ങൾക്ക് വെള്ളമെത്തിക്കാൻ ഓസ്ട്രേലിയയിലേതുപോല ജലവിപണി സംവിധാനമുണ്ടാക്കണം. മുറേ-ഡാർലിങ് സംഭരണിയിലെ വെള്ളം വ്യവസായങ്ങൾക്കു വിൽക്കുന്നതുവഴി 10,000 കോടി രൂപയാണ് വർഷംതോറും ഓസ്ട്രേലിയയ്ക്ക് ലഭിക്കുന്നത്. * ജലലഭ്യത കുറയുന്നത് ബാങ്കുകളെ ബാധിക്കും. ഇന്ത്യയിലെ ബാങ്കുകളുടെ പോർട്ട്ഫോളിയയിൽ 34 ശതമാനവും ജലം കൂടുതൽ ആവശ്യമുള്ള വ്യവസായസ്ഥാപനങ്ങളാണ്. ജലലഭ്യത കുറയുന്നത് ഈ കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. തത്ഫലമായി ബാങ്കുകളുടെ കിട്ടാക്കടം വർധിക്കും. ബാങ്കുകൾ വായ്പനൽകുന്നതിനുള്ള ഇ.എസ്.ജി. (എൻവയോൺമെന്റൽ, സോഷ്യൽ ആൻഡ് ഗവേണൻസ്) നിബന്ധനകളിൽ ജലലഭ്യതയും വിനിയോഗവും ഉൾപ്പെടത്തണം. * രാജ്യത്തെ 40 ശതമാനം താപവൈദ്യുത നിലയങ്ങളും ജലസ്രേതസ്സ് കുറവുള്ള മേഖലകളിലാണ് പ്രവർത്തിക്കുന്നത്. 2030-ഓടെ 70 താപവൈദ്യുത നിലയങ്ങൾക്കും ആവശ്യമായ വെള്ളം കിട്ടാതാകും. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി എന്നിവ പ്രോത്സാഹിപ്പിക്കണം. * ജലസ്രോതസ്സുകളില്ലാത്ത പ്രദേശങ്ങളിൽ താപവൈദ്യുത നിലയങ്ങൾ പുതുതായി അനുവദിക്കരുത്. * കടൽവെള്ളം ശുദ്ധീകരിക്കുന്ന പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. * പുതിയ അണക്കെട്ടുകളും ജലാശയങ്ങളും നിർമിക്കുമ്പോൾ പരിസ്ഥിതി ആഘാതത്തിനു സാധ്യതയേറെയാണ്. ഒരിടത്ത് വലിയ അണകെട്ടുന്നതിനു പകരം പരിസ്ഥിതിക്കു ദോഷമാകാതെ പലയിടങ്ങളിലായി ചെറു അണകൾ നിർമിക്കുന്നത് പരിഗണിക്കണം. Content highlights:Aid to paddy and other crops needs more water will withdraw says Niti Ayog
from mathrubhumi.latestnews.rssfeed https://ift.tt/322ZzJI
via
IFTTT