Breaking

Thursday, August 29, 2019

പി.യു.ചിത്രയ്ക്കും മുഹമ്മദ് അഫ്‌സലിനും അലക്‌സ് ആന്റണിക്കും സ്വര്‍ണം; കേരളം കുതിക്കുന്നു

ലഖ്നൗ: ദേശീയ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാംദിനം മൂന്ന് സ്വർണവും മൂന്ന് വെള്ളിയുമായി കേരളം മെഡൽവേട്ട തുടർന്നു. വനിതകളുടെ 800 മീറ്ററിൽ പി.യു. ചിത്രയും പുരുഷൻമാരുടെ 800 മീറ്ററിൽ മുഹമ്മദ് അഫ്സലും 400 മീറ്ററിൽ അലക്സ് എ. ആന്റണിയും സ്വർണം നേടി. 20 കിലോമീറ്റർ നടത്തത്തിൽ കെ.ടി. ഇർഫാൻ, 400 മീറ്റർ ഹർഡിൽസിൽ ജിതിൻ പോൾ, വനിതകളുടെ 800 മീറ്ററിൽ ജെസ്സി ജോസഫ് എന്നിവർ വെള്ളി നേടി. ഇതോടെ 83 പോയന്റുമായി കേരളം മുന്നിൽനിൽക്കുന്നു. മറ്റു സംസ്ഥാനങ്ങൾക്കുവേണ്ടി മലയാളി താരങ്ങളായ നയന ജയിംസ് (ലോങ് ജമ്പ്, തമിഴ്നാട്) സ്വർണവും യു. കാർത്തിക് (ലോങ് ജമ്പ്, കർണാടകം) വെള്ളിയും സച്ചിൻ റോബി (400 മീറ്റർ, കർണാടകം) വെങ്കലവും നേടി. 400 മീറ്റർ ഹർഡിൽസിൽ ഇറാൻ താരം മഹതി പിർജഹാൻ (49.33) സ്വർണം നേടിയതിനാൽ കർണാടകയുടെ ജഗദീഷ് ചന്ദ്രയ്ക്ക് (50.85) വെള്ളിയും ജിതിൻ പോളിന് (50.92) വെങ്കലവുമാണ് മീറ്റിൽ സമ്മാനിച്ചത്. വിദേശതാരം ഒന്നാമതായതിനാൽ ജിതിന്റേത് വെള്ളിയായി കണക്കാക്കും. 400 മീറ്ററിൽ ഒന്നാംസ്ഥാനം നേടിയ അലക്സ് ആന്റണി തന്റെ മികച്ച സമയം (46.17 സെക്കൻഡ്) കണ്ടെത്തി. മുഹമ്മദ് അഫ്സൽ ഒരു മിനിറ്റ് 48.35 സെക്കൻഡിൽ 800 മീറ്റർ പൂർത്തിയാക്കി. ലോകമീറ്റിന് യോഗ്യതയില്ല മീറ്റിന്റെ രണ്ടാംദിനത്തിലും ആരും ലോകചാമ്പ്യൻഷിപ്പ് യോഗ്യത നേടിയില്ല. വനിതകളുടെ 800 മീറ്ററിൽ സ്വർണം നേടിയ ചിത്രയ്ക്ക് (2 മിനിറ്റ് 02.96 സെ.) നേരിയ വ്യത്യാസത്തിന് ലോകചാമ്പ്യൻഷിപ്പ് യോഗ്യത (2:00.60) നഷ്ടമായി. അതേസമയം, 1,500 മീറ്ററിൽ ഏഷ്യൻചാമ്പ്യനായതിനാൽ ചിത്രയ്ക്ക് യോഗ്യത ലഭിക്കും. 800 മീറ്ററിൽ രണ്ടാംസ്ഥാനം നേടിയ ജെസ്സി ജോസഫ് 2 മിനിറ്റ് 07.09 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 20 കിലോമീറ്റർ നടത്തത്തിൽ ഒന്നാംസ്ഥാനം നേടിയ ഹരിയാണയുടെ സന്ദീപ് കുമാറിനും (ഒരു മണിക്കൂർ 27 മിനിറ്റ് 25.47 സെക്കൻഡ്) ലോകമീറ്റിലേക്കുള്ള യോഗ്യതാ മാർക്ക് (1:22.30) ഭേദിക്കാനായില്ല. അതേസമയം, രണ്ടാംസ്ഥാനം ലഭിച്ച കെ.ടി. ഇർഫാൻ (ഒരു മണിക്കൂർ 28 മിനിറ്റ് 20.93 സെക്കൻഡ്) നേരത്തേ യോഗ്യതനേടിയിരുന്നു. ദേവേന്ദർ സിങ്, ഗണപതി കൃഷ്ണൻ എന്നിവർക്കും ഈയിനത്തിൽ ലോക ചാമ്പ്യൻഷിപ്പ് യോഗ്യതയുണ്ട്. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ പഞ്ചാബിന്റെ അർപീന്ദർ സിങ്, (16.83 മീറ്റർ) 200 മീറ്ററിൽ തമിഴ്നാടിന്റെ നിതിൻ (20.91 സെ), ഷോട്പുട്ടിൽ ഹരിയാണയുടെ ഇന്ദർജീത് സിങ് (19.73 മീ) എന്നിവർ സ്വർണം നേടി. Content Highlights: National Senior Athletic Championship PU Chithra


from mathrubhumi.latestnews.rssfeed https://ift.tt/32ez2tc
via IFTTT