Breaking

Tuesday, August 27, 2019

മഹേന്ദ്രകുമാർ വന്നേക്കും, ജപ്പാനിലെ ജയിലിൽനിന്ന് കണ്ണൂർ ജയിലിലേക്ക്

മടിക്കൈ(കാസർകോട്): അവിചാരിതമായി കുറ്റവാളിയാക്കപ്പെട്ട് ജപ്പാനിലെ ജയിലിൽക്കഴിയുന്ന മഹേന്ദ്രകുമാർ(41) കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വന്നേക്കും. ജയിലിൽനിന്ന് ജയിലിലേക്കാണെങ്കിലും മഹേന്ദ്രകുമാറിന് നാടുകാണാം. ജപ്പാനിൽ 10 വർഷംനീണ്ട ജയിൽവാസത്തിനുശേഷം സ്വന്തം നാട്ടിലെത്തുന്നതിന്റെ ആഹ്ലാദത്തിലാണീ കാസർകോട്ടുകാരൻ. മടിക്കൈ അടുക്കത്തുപറമ്പിലെ കെ.വി.ലക്ഷ്മിയുടെയും കെ.വി.കുമാരന്റെയും ഇളയ മകനാണ് മഹേന്ദ്രകുമാർ. 1999-ലാണ് ജപ്പാനിൽ പോയത്. ആദ്യം ഒരു കമ്പനിയിൽ ജോലിചെയ്തു. പിന്നീട് ഹോട്ടലും തുടങ്ങി. 2008 മാർച്ചിലാണ് ആകസ്മികമായ സംഭവം നടക്കുന്നത്. മലയാളിസുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്ക് അക്രമത്തിലെത്തിയപ്പോൾ അത് തീർക്കാനെത്തിയ മഹേന്ദ്രകുമാറിനെ പോലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. ജപ്പാനിലെ കോടതി 12 വർഷത്തെ തടവിന് ശിക്ഷവിധിച്ചു. 10 വർഷത്തോളം ജയിൽശിക്ഷയനുഭവിച്ചു. ഇനി ബാക്കിയുള്ളത് ഒരുവർഷവും 11 മാസവുമാണ്. മകനെക്കാണാതെ നീറിയ അച്ഛൻ കെ.വി.കുമാരൻ കഴിഞ്ഞവർഷം മരിച്ചു. പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായിരിക്കുമ്പോൾ പി.കരുണാകരൻ എം.പി. മുഖേന കുടുംബം സങ്കടഹർജി നൽകിയതാണ്. തുടർന്നുള്ള നിരന്തര ഇടപെടലാണ് ഇപ്പോൾ ജയിൽമാറ്റത്തിന് വഴിവെച്ചത്. പോലീസ് ജപ്പാനിലേക്ക് ജപ്പാനിൽനിന്ന് അനുമതികിട്ടിയാലുടൻ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അവിടേക്കുപോകുമെന്ന് തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ്കുമാർ പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ രണ്ട് ഉദ്യോഗസ്ഥരെ അയക്കാൻ സംസ്ഥാനസർക്കാർ 26-ന് അനുമതിനൽകിയിരുന്നു. ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്നവരെ സ്വന്തം നാട്ടിലേക്കു മാറ്റാൻ ഇന്ത്യയും ജപ്പാനും തമ്മിലുള്ള കരാറിൽ വ്യവസ്ഥയുണ്ട്. ഇങ്ങനെ മാറ്റപ്പെടുന്നവർ ശേഷിച്ച തടവുകാലം നാട്ടിലെ ജയിലിൽ കഴിഞ്ഞാൽ മതി. തുടർച്ചയായി 11 വർഷം ജപ്പാനിൽ ശിക്ഷയനുഭവിച്ചാൽ ഒരുവർഷം ഇളവുകിട്ടുമെന്ന് സൂചന ലഭിച്ചതിനാൽ ബന്ധുക്കൾ ആവഴിക്കും ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇനി 11 മാസം കൂടി ജപ്പാനിലെ ജയിലിൽത്തന്നെ കഴിയാനാകും ശ്രമിക്കുക. മാർച്ചിനുമുൻപേ മോചനത്തിന് അനുമതിലഭിച്ചാൽ മഹേന്ദ്രകുമാർ കണ്ണൂരിലേക്ക് ഉദ്യോഗസ്ഥർക്കൊപ്പം വിമാനംകയറും. ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ കെ.രാജീവനുൾപ്പെടെ ഒട്ടേറെപ്പേർ ഈ ചെറുപ്പക്കാരന് സഹായവുമായി രംഗത്തുണ്ട്. content highlights:mahendrakumar japan jail


from mathrubhumi.latestnews.rssfeed https://ift.tt/2LnPEYH
via IFTTT