Breaking

Friday, August 30, 2019

പ്രകൃതിദുരന്തം: ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാൻ സമിതി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആവാസവ്യവസ്ഥ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ പരമാവധി നിർമാണങ്ങളും ആൾപ്പാർപ്പും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുന്നത്.ജലവിഭവ എൻജിനിയറിങ് വിദഗ്ധൻകൂടിയായ കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി കൗൺസിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ പ്രൊഫ. കെ.പി. സുധീർ ആണ് സമിതി കൺവീനർ.ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ചെന്നൈ ഐ.ഐ.ടി., കാലാവസ്ഥാ വിഭാഗത്തിൽ സീനിയർ തസ്തികയിലുണ്ടായിരുന്നവർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളായിരിക്കും. മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പ്രകൃതിലോല പ്രദേശങ്ങളിലും മറ്റിടങ്ങളിലും ആവാസവ്യവസ്ഥ എങ്ങനെയാകണം, പ്രാദേശിക മേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത തുടങ്ങിയ കാര്യങ്ങളാണ് പഠിക്കുക. ആവശ്യമെങ്കിൽ ദേശീയ, അന്തർദേശീയ വിദഗ്ധരുമായി ആശയവിനിമയം നടത്താം. സമിതി പരിഗണിക്കുന്ന വിഷയങ്ങൾ:* അതിതീവ്രമഴയും അനുബന്ധ ദുരന്തങ്ങളും സംഭവിക്കാനുള്ള കാരണങ്ങളും അവയുടെ പ്രേരണാ ഘടകങ്ങളും. * തീവ്രമായ മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാനുള്ള രീതികളും സൂചകങ്ങളും പരിശോധിക്കൽ. അത്തരം ദുരന്തങ്ങളും അതിന്റെ അനന്തരഫലങ്ങളും കുറയ്ക്കാനുള്ള നടപടികൾ നിർദേശിക്കൽ.* പ്രളയദുരന്തമുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ ഭൂപടം പരിശോധിക്കുകയും അത്തരം ദുരന്തങ്ങൾ കുറയ്ക്കാനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യൽ.


from mathrubhumi.latestnews.rssfeed https://ift.tt/2NEQbbl
via IFTTT