Breaking

Wednesday, August 28, 2019

കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ഇടതുതീവ്രവാദികൾ

ന്യൂഡൽഹി: മുത്തലാഖിനും കശ്മീരിനും പിന്നാലെ ഇടതുതീവ്രവാദികളെ ഒതുക്കലാവും കേന്ദ്രസർക്കാരിന്റെ അടുത്തലക്ഷ്യമെന്ന സൂചനയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയിൽ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്ന് ഷാ പറഞ്ഞു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന ഉന്നതതലയോഗത്തിലായിരുന്നു ഈ പരാമർശം. ''അവികസിതമേഖലയിൽ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യം. ജനങ്ങളെ അജ്ഞരാക്കി നിലനിർത്തി തെറ്റായ വഴിയിലൂടെ നയിക്കുകയാണവരുടെ ഉദ്ദേശ്യം. പുതിയ ഇന്ത്യയിൽ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുന്നതിന് അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു'' -കേന്ദ്രമന്ത്രിമാരും മാവോവാദ ബാധിതപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ അമിത് ഷാ പറഞ്ഞു. ഏകീകൃത ഭാരതീയ സമൂഹം രൂപപ്പെടുത്തുന്നതിനൊരു തടസ്സം ഇടതുതീവ്രവാദത്തിലധിഷ്ഠിതമായ മാവോവാദമാണെന്നാണ് ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വൻവിജയം ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് ആർ.എസ്.എസ്. വിലയിരുത്തുന്നത്. നാഗരിക നക്സൽവാദത്തിനെതിരേ ഈയിടെ ബി.ജെ.പി.-ആർ.എസ്.എസ്. നേതാക്കൾ കടുത്ത വിമർശനമുയർത്തിയിരുന്നു. അവികസിത മേഖലകളിൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള മാവോവാദികളുടെ നഗരങ്ങളിലെ അനുയായികളാണ് നാഗരികനക്സലുകൾ എന്നാണ് ആർ.എസ്.എസ്. വാദം. പൊതുസിവിൽ കോഡിലേക്കുള്ള യാത്രയിലെ രണ്ട് വിലങ്ങുതടികൾ സർക്കാർ ഇതിനകം നീക്കി; മുത്തലാഖും കശ്മീരിനുള്ള പ്രത്യേക പദവിയും. സ്വാഭാവികമായും അടുത്തനീക്കം മാവോവാദികൾക്കു നേരെയായിരിക്കാനാണു സാധ്യതയെന്ന് ബി.ജെ.പി. നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മതപരിവർത്തന നിരോധനനിയമം നടപ്പാക്കലാവും മറ്റൊന്ന്. മാവോവാദി സ്വാധീനമുള്ള സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ പശ്ചിമബംഗാളിൽനിന്നൊഴികെയുള്ള മുഖ്യമന്ത്രിമാർ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. മാവോവാദികളെ ഉന്മൂലനം ചെയ്യാനുള്ള തീരുമാനത്തെ എല്ലാ മുഖ്യമന്ത്രിമാരും പിന്തുണച്ചു. ജനാധിപത്യാശയങ്ങൾക്കു വിരുദ്ധരായ ഇടതുതീവ്രവാദികളുടെ വേരറുക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിജ്ഞാബദ്ധരാണെന്ന് യോഗത്തിനു പിന്നാലെ അമിത് ഷാ ട്വിറ്ററിലും കുറിച്ചു. Content highlights:left extremism is the next target, Amit Shah hints


from mathrubhumi.latestnews.rssfeed https://ift.tt/2HIwgEL
via IFTTT