Breaking

Saturday, August 31, 2019

അറസ്റ്റ് ഭീതിയിൽ കോൺഗ്രസ് ‘ട്രബിൾ ഷൂട്ടർ’

ബെംഗളൂരു :കർണാടകത്തിൽ കോൺഗ്രസിലെ 'ട്രബിൾ ഷൂട്ടർ' എന്ന വിശേഷണമാണ് മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിനുള്ളത്. കോൺഗ്രസ് പ്രതിസന്ധിയിലാകുമ്പോൾ പരിഹാരം കാണാൻ ഹൈക്കമാൻഡ് നിയോഗിക്കാറുള്ളത് ഡി.കെ. ശിവകുമാറിനെയാണ്. കർണാടകത്തിൽ കോൺഗ്രസ് -ജെ.ഡി.എസ്. സർക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി.യുടെ നീക്കം ഒരു പരിധിവരെ തടയാൻ ശിവകുമാറിന് കഴിഞ്ഞു. ഗുജറാത്തിൽ 2017-ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എ.മാരെ കർണാടകത്തിലെത്തിച്ച് സംരക്ഷിച്ചത് ശിവകുമാറാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ രാജ്യസഭയിൽ തോൽപ്പിക്കാനുള്ള ബി.ജെ.പി.യുടെ തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്. 2017 ഓഗസ്റ്റിൽ ശിവകുമാറിന്റെ ഡൽഹിയിലെ ഫ്ളാറ്റിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഏഴ് കോടി രൂപ കണ്ടെടുത്തതാണ് നിയമക്കുരുക്കിനിടയാക്കിയത്. ആദായനികുതി വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് 2018 സെപ്റ്റംബറിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുക്കുന്നത്. ഡിസംബറിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗുജറാത്തിൽനിന്നുള്ള 44 കോൺഗ്രസ് എം.എൽ.എ.മാരെ ബിഡദിയിലെ റിസോർട്ടിൽ പാർപ്പിച്ച് സംരക്ഷിച്ചതിനുപിന്നാലെയാണ് ശിവകുമാറിനെ തേടി ആദായനികുതി ഉദ്യോഗസ്ഥരെത്തിയത്. ആദായനികുതി പരിശോധനയ്ക്കിടെ ഏതാനും പേപ്പറുകൾ ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് ശിവകുമാർ കീറിയെറിഞ്ഞെന്നും ആരോപണമുയർന്നു. ഇതിനുശേഷം ആദായനികുതി ഉദ്യോഗസ്ഥരുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണത്തിലായിരുന്നു ശിവകുമാർ. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കളുടെവീട്ടിൽ റെയ്ഡ് നടന്നപ്പോഴും ശക്തമായ പ്രതിഷേധവുമായി ശിവകുമാർ രംഗത്തെത്തി. ആദായ നികുതി ഓഫീസിനുമുന്നിൽ നടന്ന ധർണയ്ക്ക് നേതൃത്വം നൽകി. ഇതും കേസായി. കോൺഗ്രസ് ജെ.ഡി.എസ്. സർക്കാരിനെ ബി.ജെ.പി. അട്ടിമറിക്കാൻ നീക്കം നടത്തിയപ്പോൾ ശക്തമായ പ്രതിരോധം തീർത്തതും ശിവകുമാറാണ്. വളർച്ച അതിവേഗം ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയരംഗത്തെ വളർച്ച അതിവേഗത്തിലായിരുന്നു. ഇതോടൊപ്പം സമ്പത്തും വർധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ മുതൽ ഗ്രാനൈറ്റ് ക്വാറികൾ വരെ സ്വന്തമായി. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ശിവകുമാർ ചുരുങ്ങിയകാലം കൊണ്ടാണ് കോൺഗ്രസിൽ ശക്തനായ നേതാവായത്. പാർട്ടിയിൽ പദവികൾ ഒന്നൊന്നായി വന്നുചേർന്നപ്പോൾ ഒപ്പം ആസ്തിയും കൂടി. 2008-ൽ വെളിപ്പെടുത്തിയ ആസ്തി 176 കോടി രൂപയായിരുന്നു. 2013 ഇത് 215 കോടി രൂപയും 2016 ൽ 496 കോടി രൂപയുമായി വർധിച്ചു. 2018 ൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആസ്തി 618 കോടി രൂപയാണ്. 1987-ൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചു. 1989-ൽ ദേവഗൗഡ മത്സരത്തിൽനിന്നു പിന്മാറിയപ്പോൾ ജനതാദൾ സ്ഥാനാർഥിയെ പരാജയപ്പെടുത്തി സാത്തന്നൂരിൽനിന്ന് വീണ്ടും മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തി. തുടർന്ന് ഏഴ് തവണ തുടർച്ചയായി എം.എൽ.എ.യായി. 1991-ൽ എസ്. ബംഗാരപ്പ മന്ത്രിസഭയിൽ 30-ാം വയസ്സിൽ മന്ത്രിയായി. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ മാറ്റിനിർത്തി കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ രൂപവത്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ശിവകുമാറാണ്. content highlights:HC rejects anticipatory bail plea of DK Shivakumar


from mathrubhumi.latestnews.rssfeed https://ift.tt/2Hza3IQ
via IFTTT