Breaking

Saturday, August 31, 2019

കൊരട്ടിയിലെ ആ വെടിവെപ്പിന് 50 വയസ്സ്

കൊരട്ടി: ജെ ആൻഡ് പി കോട്സ് തൊഴിൽസമരത്തിനെതിരേ വെടിവെപ്പ് നടന്നിട്ട് അമ്പതാണ്ട്. വെടിവെപ്പിന്റെ സ്മരണകൾ പുതുക്കി സെപ്റ്റംബർ നാലിന് കമ്പനിപ്പടിക്കൽ പഴയകാല തൊഴിലാളികളുടെ സംഗമം നടക്കും. 1969-ൽ തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ഒട്ടേറേപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന കമ്പനിയിൽ അക്കാലത്ത് നിലനിന്നിരുന്ന ബോണസ് ആക്ടിനെതിരേ നടന്ന സമരമാണ് വെടിവെപ്പിൽ കലാശിച്ചത്. പനമ്പിള്ളി അടക്കമുള്ളവർ നേരിട്ട് ഇടപെട്ടിരുന്ന സമരം അക്കാലത്ത് ഏറെ ശ്രദ്ധനേടിയിരുന്നതായി അന്ന് ലാത്തിച്ചാർജിൽ ഗുരുതര പരിക്കേറ്റിരുന്ന എം.എൻ.എസ്. നായർ സൂചിപ്പിച്ചു. 2500 തൊഴിലാളികളുമായി ബ്രിട്ടീഷ് സഹോദരന്മാരായ ജെയിംസും പീറ്ററും 1955-കളിൽ തുടക്കമിട്ട കമ്പനി അന്നുതന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോട്സിലെ വരുമാനത്തിലധികവും തെറ്റായ ബോണസ് നയത്തിലൂടെ ബ്രിട്ടണിലേക്ക് കൊണ്ടുപോകുന്നതായി ആക്ഷേപമുണ്ടായി. ഇതേത്തുടർന്ന് പ്രമുഖ തൊഴിലാളി യൂണിയൻ നേതാവായിരുന്ന എസ്.സി.എസ്. മേനോന്റെ നേതൃത്വത്തിൽ 20 ശതമാനത്തിലധികം ബോണസ് ആവശ്യപ്പെട്ട് സമരം ആരംഭിക്കുകയായിരുന്നു. ഓഫീസർമാരും സൂപ്പർെവെസർമാരും തൊഴിലാളികളും നടത്തിയ സമരത്തോടെ കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. നാലിന് നടക്കുന്ന അനുസ്മരണത്തിൽ പ്രമുഖ തൊഴിലാളി യൂണിയൻ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ കെ.കെ. രാമൻകുട്ടി, ജോസ് ആറ്റുപുറം, ഒ.കെ. അബ്ദുൾഖാദർ എന്നിവർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2L9tWbQ
via IFTTT