Breaking

Saturday, August 31, 2019

കൊങ്കണ്‍ റൂട്ടില്‍ ഇന്ന് വണ്ടികള്‍ ഓടിത്തുടങ്ങും

മംഗളൂരു: മംഗളൂരുവിനടുത്ത് കുലശേഖരയിൽ പാളത്തിലേക്ക് കുന്നിടിഞ്ഞു വീണ് എട്ടുദിവസമായി മുടങ്ങിക്കിടക്കുന്ന തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുളള ശ്രമം കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ചയും പരാജയപ്പെട്ടു. മഴ തുടരുന്നുണ്ടെങ്കിലും സമാന്തരപാത നിർമാണം പൂർത്തിയാക്കി ശനിയാഴ്ച രാവിലെയോടെ പാത ഗതാഗത യോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ. കാസർകോട് പിടിച്ചിട്ട നേത്രാവതി എക്സ്പ്രസ് ശനിയാഴ്ച രാവിലെ ഇതുവഴി കടത്തി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയുടെ ഇടവേളകളിൽ കൂടുതൽ ചെളിനിറഞ്ഞ ഭാഗങ്ങളിലെ പ്രവൃത്തികൾ വെള്ളിയാഴ്ച പൂർത്തിയാക്കി. സമാന്തരപാത നിർമിക്കുന്ന 400മീറ്റർ ഭാഗത്ത് നിലമൊരുക്കി ജെല്ലി നിറച്ച് റെയിൽപ്പാളങ്ങൾ ഘടിപ്പിച്ചു. തുടർച്ചയായി പണിയെടുത്ത് ശനിയാഴ്ച പുലർച്ചയോടെ നിലവിലെ പാളത്തിലേക്ക് സമാന്തരമായി നിർമിച്ച പാളത്തിലൂടെ പരീക്ഷണ വണ്ടികൾ ഓടിക്കും. തുടർന്ന് ആറുമണിയോടെ പാത ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നാണ് കരുതുന്നത്. അസി. ജനറൽ മാനേജർ പി.കെ. മിശ്ര, പാലക്കാട് ഡിവിഷണൽ മാനേജർ പ്രതാപ് സിങ് ഷമി, ചീഫ് എൻജിനിയർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ എട്ട് ദിവസമായി കേരളത്തിൽനിന്നും മുംബൈ ഭാഗത്തേക്കുള്ളതും തിരിച്ചുമുള്ള തീവണ്ടി ഗതാഗതം താളംതെറ്റിയിരിക്കുകയാണ്. പാലക്കാട് ഡിവിഷനു കീഴിൽ പടീൽ-ജോക്കട്ട റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലെ കുലശേഖരയിലാണ് കഴിഞ്ഞ 23-നു പുലർച്ചെ സമീപത്തെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്. മണ്ണു നീക്കുന്നതിനിടെ കനത്ത മഴ തുടർന്നതോടെ വീണ്ടും പലതവണ മണ്ണിടിച്ചിൽ ഉണ്ടായി. മഴയിൽ കുതിർന്ന് ചെളി ആയതോടെ ഇത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുപോലും നീക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടായി. നിലവിലെ പാത ഗതാഗതയോഗ്യമാക്കാൻ ആഴ്ചകൾ എടുക്കുമെന്ന സ്ഥിതിയായതോടെയാണ് സമാന്തര പാത നിർമാണം ആരംഭിച്ചത്. content highlights: konkan, train, Indian, Railway


from mathrubhumi.latestnews.rssfeed https://ift.tt/32kS6pI
via IFTTT