Breaking

Saturday, August 31, 2019

തകർത്തുവാരി കേരളം

ലഖ്നൗ: ദേശീയ അന്തസ്സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന് ഓവറോൾ കിരീടം. ആകെ 10 സ്വർണവും 12 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 159 പോയന്റ് നേടിയ കേരളം പുരുഷ, വനിതാ വിഭാഗങ്ങളിലും ഒന്നാമതെത്തി. പുരുഷൻമാരുടെ ലോങ്ജമ്പിൽ ശ്രീശങ്കറിന്റെ സ്വർണമുൾപ്പെടെ കേരളം അവസാനദിനം ഏഴ് മെഡൽ നേടി. വനിതകളുടെ 400 മീറ്ററിൽ മികച്ച സമയം (51.53 സെക്കൻഡ്) കുറിച്ച ഹരിയാണയുടെ അഞ്ജലി മികച്ച അത്ലറ്റായി. അതേസമയം, ലക്നൗവിലെ മീറ്റിലെ പ്രകടനംകൊണ്ട് ഒരാൾക്കും ലോകചാമ്പ്യൻഷിപ്പ് യോഗ്യത നേടാനായില്ല. വെള്ളിയാഴ്ച പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ മെയ്മോൻ പൗലോസ് (14.00 സെക്കൻഡ്), വനിതകളുടെ 1500 മീറ്ററിൽ പി.യു. ചിത്ര (4 മിനിറ്റ് 22.03 സെക്കൻഡ്), ഹെപ്റ്റാത്തലണിൽ മറീനാ ജോർജ് എന്നിവരും 4x400 പുരുഷ- വനിത റിലേ ടീമുകളും വെള്ളി നേടി. വനിതകളുടെ 4x100 മീറ്റർ റിലേ ടീം വെങ്കലം നേടി. വനിതകളുടെ 800 മീറ്ററിൽ സ്വർണം നേടിയ പി.യു. ചിത്രയ്ക്ക് 1500 മീറ്ററിൽ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എങ്കിലും 1500 മീറ്ററിൽ ലോകമീറ്റിൽ അവസരം നഷ്ടപ്പെട്ടേക്കില്ല. സെപ്റ്റംബർ ഒന്നിന് ജർമനിയിൽ നടക്കുന്ന മീറ്റിൽ ഏതെങ്കിലും താരങ്ങൾ മികച്ച സമയം കുറിച്ചാലേ ചിത്രയ്ക്ക് ഭീഷണിയുള്ളൂ. ഇതിലെ യോഗ്യതാ മാർക്ക് നാല് മിനിറ്റ് 06.50 സെക്കൻഡാണ്. പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ ഗൗതം കൃഷ്ണ, ജിതിൻ പോൾ, കുഞ്ഞുമുഹമ്മദ്, സി. ഫായിസ് എന്നിവരടങ്ങുന്ന ടീമാണ് വെള്ളി നേടിയത്. സ്വർണം നേടിയത് ശ്രീലങ്കയായതിനാൽ ദേശീയതലത്തിൽ കേരളത്തിന് ഒന്നാംസ്ഥാനമാണെന്ന് പറയാം. വനിതകളുടെ 4x400 മീറ്റർ റിലേയിൽ പി.ഒ. സയന, ബി.എ. അനഖ, ജിസ്ന മാത്യു, സ്മൃതിമോൾ വി. രാജേന്ദ്രൻ എന്നിവരടങ്ങിയ ടീമിന് വെള്ളി ലഭിച്ചപ്പോൾ 4x100 മീറ്റർ റിലേയിൽ എസ്.എസ്. സ്നേഹ, രമ്യ രാജൻ, ഷിൽബി, സുഗിന എന്നിവരടങ്ങിയ ടീം വെങ്കലം നേടി. പുരുഷൻമാരുടെ 1500 മീറ്ററിൽ യു.പി.യുടെ അജയ് സരോജിനാണ് (3:44.66) സ്വർണം. പുരുഷൻമാരുടെ സ്റ്റീപ്പിൾചേസിൽ മഹാരാഷ്ട്രയുടെ അവിനാശ് സാബ്ലെ (8:33.19) മീറ്റ് റെക്കോർഡോടെ സ്വർണം നേടിയെങ്കിലും ലോകമീറ്റ് യോഗ്യതാ മാർക്ക് (8:29.00) ഭേദിച്ചില്ല. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ലോകചാമ്പ്യൻഷിപ്പ് യോഗ്യത ലക്ഷ്യമിട്ടിറങ്ങിയ സുധ സിങ്ങിന് വെള്ളി (10 മിനിറ്റ് 04.55 സെക്കൻഡ്) മാത്രം. മാരത്തണിൽ സുധ സിങ് ലോകമീറ്റ് യോഗ്യത നേടിക്കഴിഞ്ഞു. സ്വർണം നേടിയ പാരുൾ ചൗധരിക്കും (10:04.19) യോഗ്യതാ മാർക്ക് (9:40.00) മറികടക്കാനായില്ല. വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ പ്രതീക്ഷയായ ഒഡീഷ താരം ദ്യുതി ചന്ദിന് സ്വർണം ലഭിച്ചെങ്കിലും (11.38) ലോകചാമ്പ്യൻഷിപ്പ് യോഗ്യത (11.24) ഇല്ല. ദേശീയ റെക്കോർഡ് ഉടമയായ ദ്യുതിയുടെ മികച്ച സമയം ദോഹയിൽ ഈവർഷം നേടിയ 11.26 സെക്കൻഡാണ്. ഈയിനത്തിൽ തമിഴ്നാടിന്റെ അർച്ചന സുശീന്ദ്രൻ വെള്ളി (11.50) നേടി. പുരുഷൻമാരുടെ 100 മീറ്ററിൽ കർണാടകയുടെ വിദ്യാസാഗർ (10.59) സ്വർണം നേടി. ദേശീയ റെക്കോഡുകാരനായ (10.26) ഒഡീഷയുടെ അമിയ മല്ലിക്ക് നാലാം സ്ഥാനത്തായി. ഹർഡിൽസിൽ, അത്ലറ്റിക് ഫെഡറേഷനുവേണ്ടി മത്സരിച്ച സിദ്ധാന്ത് തിങ്കലായ(13.99) സ്വർണം നേടി. മഹാരാഷ്ട്രയുടെ പരസ് പാട്ടീൽ (14.36) വെങ്കലം നേടി.


from mathrubhumi.latestnews.rssfeed https://ift.tt/2HAZ2XQ
via IFTTT