Breaking

Tuesday, August 27, 2019

കശ്മീരിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് ട്രംപിനോട് മോദി

ബിയാറിറ്റ്സ്/ലണ്ടൻ: കശ്മീർ വിഷയത്തിൽ മൂന്നാംകക്ഷിയുടെ മധ്യസ്ഥത വേണ്ടെന്ന നിലപാടാവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാൻസിലെ ബിയാറിറ്റ്സിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം മാധ്യമങ്ങളെ കാണുമ്പോഴാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. “കശ്മീർ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷിവിഷയമാണ്. മൂന്നാമതൊരു രാജ്യത്തെ ഇക്കാര്യത്തിൽ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല. 1947-നുമുമ്പ് ഇന്ത്യയും പാകിസ്താനും ഒന്നായിരുന്നു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്” -മോദി പറഞ്ഞു. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് പലതവണ വാഗ്ദാനം ചെയ്യുകയും ഇന്ത്യ അത് നിരസിക്കുകയുംചെയ്തിരുന്നു. കശ്മീർ സംബന്ധിച്ച് മോദിയുമായി സുദീർഘ ചർച്ച നടത്തിയെന്ന് ട്രംപ് പറഞ്ഞു. “ഞായറാഴ്ച രാത്രി കശ്മീർ വിഷയത്തെക്കുറിച്ച് മോദിയുമായി സംസാരിച്ചിരുന്നു. അവിടത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് അദ്ദേഹം പറയുന്നത്. മോദിയുമായും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായും നല്ലബന്ധമാണുള്ളത്. കശ്മീർ വിഷയം ഇന്ത്യയും പാകിസ്താനും ചർച്ചയിലൂടെ പരിഹരിക്കുമെന്നാണ് വിശ്വാസം” -ട്രംപ് പറഞ്ഞു. കശ്മീരിനുപുറമേ വ്യാപാര, സൈനിക വിഷയങ്ങളടക്കമുള്ളവയും മോദിയുമായി ചർച്ചചെയ്തുവെന്ന് ട്രംപ് പറഞ്ഞു. ട്രംപിനെക്കൂടാതെ സെനഗൽ പ്രസിഡന്റ് മക്കി സല്ലുമായും മോദി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വ്യാഴാഴ്ചയാരംഭിച്ച ത്രിരാഷ്ട്രസന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് മോദി ഇന്ത്യയിലേക്ക് മടങ്ങി. content highlights:Modi says Kashmir is a bilateral issue


from mathrubhumi.latestnews.rssfeed https://ift.tt/2KYzUw4
via IFTTT