Breaking

Tuesday, August 27, 2019

സ്ഥാപനങ്ങൾ കത്തയക്കൽ നിർത്തി; തപാൽവകുപ്പിന് കോടികളുടെ നഷ്ടം

കണ്ണൂർ: ബി.എസ്.എൻ.എൽ., എൽ.ഐ.സി. തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങൾ ഇടപാടുകാർക്ക് കത്തയക്കൽ നിർത്തിയതോടെ തപാൽവകുപ്പിന് കോടികളുടെ നഷ്ടം. ബി.എസ്.എൻ.എൽ. ഇനിമുതൽ ലാൻഡ്‌ലൈൻ ടെലിഫോൺ വരിക്കാർക്ക് ഓൺലൈൻവഴിയോ എസ്.എം.എസ്. വഴിയോ മാത്രമേ ഫോൺവാടക വിവരങ്ങളും മറ്റും അറിയിക്കൂ എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എൽ.ഐ.സി. നേരത്തേതന്നെ ഓൺലൈനിലേക്ക് നീങ്ങിയിരുന്നു. കെ.എസ്.എഫ്.ഇ.യും കത്തുകൾ ഇടപാടുകാർക്ക് അയക്കുന്നത് നിർത്തി. സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ.യുടെ 600 ബ്രാഞ്ചുകളിൽനിന്നായി മാസം 60 ലക്ഷത്തോളം കത്തുകളാണ് അയച്ചുകൊണ്ടിരുന്നത്. ഒരു കത്ത് അയക്കാൻ നാലുരൂപയാണ് തപാൽവകുപ്പ് ഈടാക്കുന്നത്. അതുതന്നെ മാസം രണ്ടു കോടിയലധികം രൂപ വരും.എൽ.ഐ.സി.യിൽ ഒരു ജില്ലയിൽ 60 ലക്ഷത്തിലധികം കവറുകൾ ആണ് മാസം അയക്കേണ്ടിവരിക. 3.95 രൂപയാണ് ഒരു കത്തയക്കാനുള്ള തപാൽചാർജ്. ഇവയൊക്കെ എസ്.എം.എസിലും ഓൺലൈനിലും ആയതോടെ ആ വഴിയിലുള്ള കോടികൾ തപാൽവകുപ്പിന് ഒറ്റയടിക്ക് നഷ്ടമായി.ബി.എസ്.എൻ.എൽ. അടുത്തകാലത്താണ് ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്കുള്ള കത്തയക്കൽ നിർത്തി എസ്.എം.എസിലേക്കു മാറിയത്. മാസം 20 ലക്ഷത്തോളം കത്തുകൾ വരിക്കാർക്ക് അയക്കേണ്ടിവരുന്നുണ്ട്. 3.30 രൂപയാണ് ഒരു കത്തിന് ഈടാക്കുക. കത്ത് അച്ചടിച്ചുനൽകുന്ന സ്വകാര്യ ഏജൻസിക്ക് ലക്ഷങ്ങളുടെ കുടിശ്ശിക വന്നതിനാൽ അവർ കത്ത് അടിച്ചുനൽകാത്തതുകൊണ്ടാണ് ബി.എസ്.എൻ.എൽ. പെട്ടെന്ന് എസ്.എം.എസിലേക്കു മാറിയതെന്നും പറയപ്പെടുന്നു.ജില്ലാ സഹകരണ ബാങ്കുകൾ ഉൾപ്പെടെ പല സഹകരണ ബാങ്കുകളും കത്തുകൈമാറ്റം സ്വകാര്യ കൊറിയർ സർവീസ് വഴിയാക്കിയതും തപാൽ വകുപ്പിന് തിരിച്ചടിയായിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2KYzRjS
via IFTTT