ഗോകുലം ഗോപാലൻ (ഫയൽ ചിത്രം) ദുബായ്: യു.എ.ഇ.യിൽ അറസ്റ്റിലായ ഗോകുലം ഗ്രൂപ്പ് ഡയറക്ടർ ബൈജു ഗോപാലനെ ജയിലിൽനിന്ന് ഇറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ചെക്കുകേസിൽ യാത്രാവിലക്ക് നിലനിൽക്കേ വ്യാജരേഖ ചമച്ചു നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് യു.എ.ഇ.-ഒമാൻ അതിർത്തിയായ ഹത്തയിൽവെച്ച് ഒമാൻ പോലീസ് ബൈജുവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് യു.എ.ഇ.യ്ക്കു കൈമാറുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ മുൻ ബിസിനസ് പങ്കാളി രമണിയാണ് ബൈജുവിനെതിരേ യു.എ.ഇ.യിൽ പരാതി നൽകിയത്. രമണിയുടെ ഹോട്ടൽശൃംഖലയും യു.എ.ഇ.യിലെ ക്ലിനിക്കും വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിനാധാരം. ഹോട്ടലിന്റെ വിലയായി പണവും ചെക്കുകളും ബൈജു നൽകിയിരുന്നു. ഇതിൽ, രണ്ടുകോടി ദിർഹത്തിന്റെ (ഏതാണ്ട് 39.5 കോടി ഇന്ത്യൻ രൂപ) ചെക്ക് മടങ്ങിയെന്നുകാണിച്ച് രമണി പരാതി നൽകുകയായിരുന്നു. മകൻ യു.എ.ഇ.യിൽ അറസ്റ്റിലായതിനുപിന്നിൽ കൊടുംചതിയാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാനും എം.ഡി.യുമായ ഗോകുലം ഗോപാലൻ പറഞ്ഞു. രമണിക്കെതിരേ തങ്ങൾ ചെന്നൈയിൽ പരാതി നൽകിയതിനു പ്രതികാരമായി അയാൾ തിരിച്ചടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെക്കുകേസ് സംബന്ധിച്ച ഒത്തുതീർപ്പുചർച്ച ദുബായിലും ചെന്നൈയിലുമായി നടക്കുന്നുണ്ട്. ഇപ്പോൾ അൽ ഐൻ ജയിലിലാണ് ബൈജുവുള്ളത്. വെള്ളിയാഴ്ചമുതൽ മൂന്നുദിവസം യു.എ.ഇ.യിൽ അവധിയായതിനാൽ ഇനി സെപ്റ്റംബർ രണ്ടിനോ മൂന്നിനോ മാത്രമേ വിഷയം കോടതിയുടെ പരിഗണനയിൽ എത്തൂ. തുഷാർ കേസ്: ചർച്ച തുടരുന്നു ദുബായ്: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്കുകേസ് കോടതിക്കുപുറത്തു ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പരാതിക്കാരനായ നാസിൽ അബ്ദുള്ള ആറുകോടി രൂപയാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഈ തുക നൽകാനാവില്ലെന്ന നിലപാടിലാണ് തുഷാറും സംഘവും. തുകയുടെ കാര്യത്തിൽ തുഷാറും നാസിലും ഉടനെ ധാരണയിൽ എത്തുമെന്നാണ് ഇരുപക്ഷവും നൽകുന്ന സൂചനകൾ. content highlights: byju gopalan, gokulam gopalan
from mathrubhumi.latestnews.rssfeed https://ift.tt/2NEvyvP
via
IFTTT