Breaking

Friday, August 30, 2019

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചി ഭരണം കളയുമോ...? കോൺഗ്രസിൽ അങ്കലാപ്പ്

കൊച്ചി: മേയർ സൗമിനി െജയിനിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം വ്യാഴാഴ്ച കളക്ടർക്ക് നോട്ടീസ് നൽകിയതോടെ കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പ്. പ്രമേയത്തെ നേരിടണമെങ്കിൽ ആദ്യം കോൺഗ്രസിൽ യോജിപ്പുണ്ടാക്കണം. ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന അവിശ്വാസത്തിനു പിന്നിൽ കോൺഗ്രസിലെ ചിലർ നൽകിയ ഗ്രീൻ സിഗ്നലാണെന്നും പാർട്ടിക്കുള്ളിൽ ചർച്ച ഉയർന്നിട്ടുണ്ട്. അവിശ്വാസത്തിന്റെ മുനയിൽ നിർത്തി മേയർ മാറ്റ ചർച്ചയ്ക്ക് അവസരമൊരുക്കാൻ ആഗ്രഹിക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. കൗൺസിലിന്റെ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷത്തിലധികം മാത്രം നിലനിൽക്കെ മേയർ മാറ്റത്തിന്റെ ആവശ്യമില്ലെന്ന് ആഗ്രഹിക്കുന്നവരാണ് കോൺഗ്രസിലെ ബഹു ഭൂരിഭാഗം കൗൺസിലർമാരും. അവരുടെ എതിർപ്പിനെത്തുടർന്നാണ് മേയർ മാറ്റത്തിനായി, എ ഗ്രൂപ്പിലെ രണ്ട് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ചരടുവലികൾ ഇത്രയും നാൾ വിജയിക്കാതിരുന്നത്. എന്നാൽ, പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസത്തെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മേയർ മാറ്റത്തിനുള്ള അജൻഡ കൂടി എടുത്തിടാനാണ് അവർ ലക്ഷ്യമിടുന്നത്. അവിശ്വാസം വിജയിപ്പിക്കുന്നതിന് ഒപ്പം, അതിനുശേഷം മേയറുടെ രാജി എന്ന ആവശ്യമാവും അവർ മുന്നോട്ടുവെയ്ക്കുക. എറണാകുളം നിയമസഭാ മണ്ഡലത്തിൽ നടക്കാൻ പോകുന്ന ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദാണ്. ഡി.സി.സി. പ്രസിഡന്റു കൂടിയായ വിനോദ് ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യം കൂടി മുൻനിർത്തിയുള്ള ചർച്ചകളാണ് നടക്കുന്നത്. പുതിയ ഡെപ്യൂട്ടി മേയറെ കണ്ടുപിടിക്കുന്നതിനൊപ്പം മൊത്തം ടീമും മാറണമെന്ന ആവശ്യമായിരിക്കും മേയർ മാറ്റത്തിനായി ചരടുവലിക്കുന്നവർ ഉന്നയിക്കുക. സ്ഥിരം സമിതി ചെയർമാൻ സ്ഥാനം ആഗ്രഹിക്കുന്നവരെക്കൂടി തങ്ങളുടെ കൂടെ കൂട്ടാനുള്ള തന്ത്രമാണ് നടത്തുന്നത്. എന്നാൽ, സഭയിൽ വലിയ ഭൂരിപക്ഷമില്ലാത്തതിനാൽ ഇളക്കിപ്രതിഷ്ഠയ്ക്ക് ഒരുങ്ങിയാൽ കൈയിലുള്ളത് ഇനിയും നഷ്ടമാവാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അടുത്തിടെ ആരോഗ്യ സ്ഥിരംസമിതി കോൺഗ്രസിന് കൈവിട്ടുപോയിരുന്നു. മറ്റൊരു സ്ഥിരം സമിതിയിൽനിന്ന് ഒരംഗത്തെ രാജിവെപ്പിച്ച് ആരോഗ്യ സ്ഥിരംസമിതിയിലേക്ക് കോൺഗ്രസ് മത്സരിപ്പിച്ചെങ്കിലും രണ്ട് പാർട്ടി അംഗങ്ങൾതന്നെ വോട്ട് മാറ്റി ചെയ്തതിനാൽ പരാജയപ്പെടുകയായിരുന്നു. ധനകാര്യ സ്ഥിരം സമിതിയിൽ ഇപ്പോൾത്തന്നെ ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം. അടുത്ത ബജറ്റ് അവതരിപ്പിക്കണമെങ്കിൽ അവർ കനിയേണ്ട സ്ഥിതിയാണ്. അവിശ്വാസത്തിനായി പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്ന ആവശ്യത്തിന് അനുകൂലമായി എട്ട് കോൺഗ്രസ് കൗൺസിലർമാർ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ മാത്രമാണ് യു.ഡി.എഫ്. കൊച്ചി ഭരിക്കുന്നത്. കെ.പി.സി.സി.യുടെ കർശന ഇടപെടൽ ഉണ്ടായില്ലെങ്കിൽ, പ്രതിപക്ഷത്തിന്റെ അവിശ്വാസത്തിന്റെ മറവിൽ, കോൺഗ്രസിനുള്ളിൽ ചില കണക്കുതീർക്കലുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. അത് ഭരണം നിലംപൊത്തുന്നതിലേക്കും തുടർ ഭരണ സാധ്യതകൾ ഇല്ലാതാക്കുന്നതിലേക്കും എത്തിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം കോൺഗ്രസ് കൗൺസിലർമാരും. കോൺഗ്രസിനകത്തുനിന്ന് അതിനായി ചരടുവലിക്കുന്നവരെ പാർട്ടി നേതൃത്വത്തിനു മുന്നിൽ തുറന്നുകാട്ടാൻ ഒരുങ്ങുകയാണ് അവർ. content highlights:kochi mayor soumini jain


from mathrubhumi.latestnews.rssfeed https://ift.tt/2MLmR3g
via IFTTT