Breaking

Thursday, August 29, 2019

മാണിയില്ലാത്ത തിരഞ്ഞെടുപ്പിൽ നേട്ടം പ്രതീക്ഷിച്ച് ഇടതുമുന്നണി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ആദ്യലാപ്പിൽ ഇടതുമുന്നണിക്ക് മേൽക്കൈ. കെ.എം. മാണിക്കെതിരേ മൂന്നുതവണ മത്സരിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ച മാണി സി. കാപ്പന്റെ ജയം തന്നെയാണ് ഇത്തവണ മുന്നണി ലക്ഷ്യമിടുന്നത്. മാണിയുടെ അഭാവത്തിലുള്ള ആദ്യ തിരഞ്ഞെടുപ്പിൽ കാപ്പന്റെ വിപുലമായ വ്യക്തിബന്ധങ്ങൾ വോട്ടാക്കി മാറ്റാനാകുമെന്ന കണക്കു കൂട്ടലിലാണവർ. കേരളാ കോൺഗ്രസ് എമ്മിലെ രൂക്ഷമായ അനൈക്യം കൂടിയാകുമ്പോൾ വിജയം എളുപ്പമാകുമെന്ന പ്രതീക്ഷയുമുണ്ട്.സ്ഥാനാർഥിനിർണയത്തിൽ മാരത്തൺ ചർച്ചകളൊന്നും മുന്നണിക്ക് വേണ്ടിവന്നില്ല. എൻ.സി.പി. സ്ഥിരമായി മത്സരിച്ചുവരുന്ന പാലായിൽ അവരുടെ സ്ഥാനാർഥിയാകും മത്സരിക്കുകയെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിരുന്നു. നാലാംവരവിലൂടെ മാണി സാറിന്റെ പാലാ, ഇനി കാപ്പൻ കുടുംബത്തിലെ മാണിയുടേതാകുമെന്ന പ്രതീക്ഷയാണ് നേതാക്കൾ പ്രകടിപ്പിച്ചത്.2016-ലെ തിരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയായിരുന്നു. ഇതാണ് ഉപതിരഞ്ഞെടുപ്പിൽ ഇടുതുമുന്നണിയുടെ പ്രതീക്ഷ. സ്വാതന്ത്ര്യസമര സേനാനി, എം.എൽ.എ., എം.പി. എന്നീ നിലകളിൽ പാലാക്കാരുടെ മനസ്സിൽ ഇടംതേടിയ ചെറിയാൻ ജെ. കാപ്പന്റെ മകനെന്നതും അനുകൂല ഘടകമാണ്. പൊതുരംഗത്ത് പിതാവിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന മക്കളായ മാണി സി. കാപ്പനും ജോർജ് സി. കാപ്പനും ചെറിയാൻ സി. കാപ്പനും ഒരേസമയം പാലാ നഗരസഭയിൽ കൗൺസിലർമാരായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NBJCWY
via IFTTT