Breaking

Thursday, August 29, 2019

കുതിരാനിൽ ഇന്ധനം തീരുന്നതെങ്ങനെ? വീണ്ടും കുരുക്കായി മറുനാടൻ ലോറി

കുതിരാൻ: ചരക്കുലോറി ഡീസൽ തീർന്ന് നടുറോഡിൽ നിന്നതിനെത്തുടർന്ന് കുതിരാനിൽ വൻ ഗതാഗതക്കുരുക്ക്. തുടർച്ചയായ ഏഴാം ദിവസവും ഉണ്ടായ ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർ ദുരിതത്തിലായി. കുതിരാൻ അമ്പലത്തിന് സമീപം പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഡീസൽ തീർന്നു നിന്നത്. ഹൈവേ പോലീസ് സമീപത്തെ പമ്പിൽനിന്ന് ഡീസൽ കൊണ്ടുവന്ന് നിറച്ചശേഷമാണ് ലോറി നീക്കാനായത്. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് കുതിരാനിൽ ഇതേ കാരണത്താൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തുടങ്ങിയ കുരുക്ക് മണിക്കൂറുകളോളം നീണ്ടു. ബുധനാഴ്ച രാവിലെയും മൂന്നുമണിക്കൂറോളം കുതിരാനിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. മണ്ണുത്തി ഹൈവേ പോലീസും പീച്ചി ഹൈവേ പോലീസും കിണഞ്ഞുപരിശ്രമിച്ചാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. ഒരു മാസത്തിനിടെ ഒമ്പതാമത്തെ തവണയാണ് കുതിരാനിൽ ഡീസൽ തീർന്ന് ലോറികൾ നിന്ന് രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകുന്നത്. മണ്ണുത്തി മുതൽ കുതിരാൻ വരെയുള്ള 12 കിലോമീറ്ററിൽ നാല് പെട്രോൾപമ്പുകൾ റോഡരികിൽത്തന്നെയാണ്. എന്നിട്ടും ലോറികൾ കുതിരാൻ കയറ്റത്തിൽ വച്ച് ഇന്ധനം തീർന്ന് നിന്നുപോകുന്നതാണ് സംശയത്തിനിടയാക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ലോറികളാണ് ഇവ. ഒരു മാസത്തിനിടെ ഒന്പത് സംഭവങ്ങളിൽ രണ്ട് ലോറികൾ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തവയും ബാക്കിയെല്ലാം ഉത്തരേന്ത്യയിൽ രജിസ്റ്റർ ചെയ്തവയുമാണ്. ദേശീയപാതയിൽ മറ്റൊരിടത്തും ചരക്കുലോറികൾ ഡീസൽ തീർന്ന് നിൽക്കുന്നില്ല എന്നതാണ് സംശയത്തിന്റെ പ്രധാനകാരണം. കുതിരാനിൽ ലോറികൾ നിന്നുപോകുന്നതാവട്ടെ ദേശീയപാതയിൽ ഏറ്റവും തിരക്കേറിയ രാവിലെയും വൈകുന്നേരവും മാത്രമാണ്. പിഴ പേരിനുമാത്രം :ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിന് പീച്ചി പോലീസ് പിഴചുമത്താറുണ്ട്. എന്നാൽ പരമാവധി 500 രൂപ മാത്രമേ ഇവരിൽനിന്ന് പിഴ ഈടാക്കാൻ കഴിയൂ അതിർത്തി കടന്നാൽ ചില്ലറ ലാഭമെന്ന് :തമിഴ്നാട്ടിൽ ഡീസലിന് നേരിയ വിലക്കുറവുള്ളതിനാൽ തമിഴ്നാട്ടിലേക്കുള്ള മടക്കയാത്രയിൽ കേരളത്തിൽനിന്ന് ഡീസൽ അടിക്കാതെ തമിഴ്നാട്ടിൽ എത്തിയതിനുശേഷം അടിക്കാൻ കാത്തുനിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഡ്രൈവർമാർ നൽകുന്ന മൊഴി. ഇന്ധനത്തിന്റെ അളവ് കാണിക്കുന്ന മീറ്റർ വർക്ക് ചെയ്യുന്നില്ല, ഇന്ധനം നിറയ്ക്കാൻ മറന്നുപോയി, കേരളത്തിലെ തകർന്ന റോഡിൽ പ്രതീക്ഷിച്ച മൈലേജ് കിട്ടുന്നില്ല തുടങ്ങിയവയാണ് ഡ്രൈവർമാർ പറയുന്ന മറ്റു കാരണങ്ങൾ. എന്നാൽ ദീർഘദൂര ഓട്ടം നടത്തുന്ന ലോറികൾ സാധാരണഗതിയിൽ യാത്ര പുറപ്പെടും മുമ്പ് മതിയായ ഇന്ധനം നിറയ്ക്കാറുണ്ട്. ഡീസലിന്റെ അളവിൽ സംശയം തോന്നിയാൽ ഡീസൽ ടാങ്കിലേക്ക് കമ്പി ഇറക്കിനോക്കി ഡീസലിന്റെ അളവ് നിജപ്പെടുത്താറുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2PuKAae
via IFTTT