Breaking

Wednesday, August 28, 2019

പശ്ചിമഘട്ട സംരക്ഷണം: ഏകവിജ്ഞാപനത്തിന്‌ കേന്ദ്രനീക്കം; വെട്ടിമുറിക്കാൻ അനുവദിക്കില്ല

ന്യൂഡൽഹി: പശ്ചിമഘട്ടസംരക്ഷണത്തിനായി മേഖലയിലെ ആറുസംസ്ഥാനങ്ങൾക്കും ബാധകമായനിലയിൽ ഏകവിജ്ഞാപനം (സിംഗിൾ നോട്ടിഫിക്കേഷൻ) തയ്യാറാക്കാൻ കേന്ദ്രം ആലോചിക്കുന്നു. സംസ്ഥാനങ്ങളുടെ പരിസ്ഥിതിലോല മേഖലകൾ അനുസരിച്ച് വെവ്വേറെ വിജ്ഞാപനങ്ങൾ വേണമെന്ന ആവശ്യം അംഗീകരിക്കില്ല. പരിസ്ഥിതിലോലമേഖലകൾ വീണ്ടും വെട്ടിമുറിക്കാനും അനുവദിക്കില്ല. അന്തിമവിജ്ഞാപനം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും സെക്രട്ടറി സി.കെ. മിശ്രയും പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവയാണ് പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്ന ആറുസംസ്ഥാനങ്ങൾ. കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തിമവിജ്ഞാപനമിറക്കുമ്പോൾ തങ്ങളുടെ താത്പര്യങ്ങൾ കണക്കിലെടുത്തു പരിസ്ഥിതിലോലമേഖല സംബന്ധിച്ച് ഇളവുകൾ നൽകണമെന്ന് ഇതിൽ മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതിലോലമേഖലകളെ ജനവാസകേന്ദ്രങ്ങൾ, കൃഷിസ്ഥലം എന്നിങ്ങനെ വീണ്ടും വിഭജിക്കാൻ അനുവദിക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളോട് അനുഭാവപൂർണമായ നിലപാടല്ല പരിസ്ഥിതിമന്ത്രാലയത്തിനുള്ളത്. സംസ്ഥാന താത്പര്യങ്ങൾക്കനുസരിച്ച് വെവ്വേറെ വിജ്ഞാപനം പുറത്തിറക്കാൻ കഴിയില്ലെന്നും പരിസ്ഥിതിലോലമേഖലകൾ വീണ്ടും വെട്ടിമുറിക്കാനാവില്ലെന്നുമുള്ള നിലപാടാണ് മന്ത്രാലയത്തിന്റേത്. ഏകവിജ്ഞാപനമായിരിക്കും പുറത്തിറക്കുകയെന്ന് വനം-പരിസ്ഥിതി സെക്രട്ടറി കെ.സി. മിശ്ര 'മാതൃഭൂമി'യോടു പറഞ്ഞു. കർണാടകവും തമിഴ്നാടും പ്രതികരണം അറിയിച്ചില്ല കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം തയ്യാറാക്കുന്നതിന് കർണാടകവും തമിഴ്നാടും ഇതുവരെ തങ്ങളുടെ പരിസ്ഥിതിലോലമേഖല സംബന്ധിച്ച നിലപാട് അറിയിച്ചിട്ടില്ല. പ്രതികരണം എത്രയും വേഗം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജാവഡേക്കർ അറിയിച്ചു. അതിനുശേഷം സംസ്ഥാന പരിസ്ഥിതിമന്ത്രിമാരുടെ യോഗംവിളിച്ച് തീരുമാനമെടുക്കും. കസ്തൂരിരംഗൻ സമിതി നിർദേശിച്ച അളവിൽ പകുതി പ്രദേശംമാത്രം പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിക്കാമെന്ന നിലപാടാണ് നാലുസംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 15-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗത്തിലാണ് ഈ നിലപാട് അറിയിച്ചത്. പശ്ചിമഘട്ടത്തിൽ മൊത്തമുള്ള 1,29,037 ചതുരശ്രകിലോമീറ്ററിൽ 75 ശതമാനം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നാണ് മാധവ് ഗാഡ്ഗിൽ സമിതി നിർദേശിച്ചിരുന്നത്. ഈ നിർദേശത്തിനെതിരേ കടുത്ത എതിർപ്പുയർന്നപ്പോഴാണ് കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്. പശ്ചിമഘട്ടത്തിലെ മൊത്തം പരിസ്ഥിതിലോലപ്രദേശത്തിന്റെ 50 ശതമാനം അതായത് അറുപതിനായിരം ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാൽ മതിയെന്നായിരുന്നു ഈ സമിതിയുടെ ശുപാർശ. എന്നാൽ, ഇതിന്റെ പകുതിയായ 31,387 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോലപ്രദേശമായി നിലനിർത്താമെന്നാണ് ഇപ്പോൾ നാലു സംസ്ഥാനങ്ങളുടെ സമീപനം. കേരളത്തിൽ 13,108.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കസ്തൂരിരംഗൻ സമിതിയുടെ നിർദേശം. എന്നാൽ, 123 ഗ്രാമങ്ങളിലായി 8656 ചതുരശ്ര കിലോമീറ്റർ പ്രഖ്യാപിക്കാമെന്നാണ് യോഗത്തിൽ കേരളം രേഖാമൂലം അറിയിച്ചത്. ഗോവയിൽ 99 ഗ്രാമങ്ങളിലായി 1461 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കസ്തൂരിരംഗൻ സമിതിയുടെ നിർദേശം. 707 ചതുരശ്ര കിലോമീറ്റർ പ്രഖ്യാപിക്കാമെന്നാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്. കർണാടകം കരടുവിജ്ഞാപനത്തെ പൂർണമായി തള്ളിക്കളഞ്ഞു. ഗുജറാത്ത് സർക്കാർ കഴിഞ്ഞ യോഗത്തിൽ പങ്കെടുത്തതുമില്ല. Content highlights:Western ghats conservation: Will not divide Eco-Sensitive Zone


from mathrubhumi.latestnews.rssfeed https://ift.tt/2Zxs4xm
via IFTTT