കണ്ണൂർ: സംസ്ഥാനത്തെ പ്രധാന ജയിലുകളിൽ തിഹാർ ജയിൽ മാതൃകയിൽ ഷൂനിർമാണത്തിന് പദ്ധതിവരുന്നു. ചീമേനി തുറന്ന ജയിൽ, കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകൾ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി തുടങ്ങുക. സംസ്ഥാനത്തെ പോലീസ് സേനയ്ക്കും മറ്റും ആവശ്യമുള്ള ഷൂ നിർമിച്ച് വിതരണംചെയ്യുകയാണ് ലക്ഷ്യം. ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് ഇതുസംബന്ധിച്ച് നിർദേശം നൽകി. ഷൂ ഫാക്ടറിക്ക് പുറമെ ചീമേനി, കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജയിലുകളിൽ ഒക്ടോബറിൽ പെട്രോൾ പമ്പുകളും തുടങ്ങും. ഇതേക്കുറിച്ച് ഓയിൽ കമ്പനി പ്രതിനിധികളുമായി ചർച്ചനടത്തി. ഇന്ധനത്തിന് വിലക്കുറവുണ്ടാവില്ല. ജോലിക്കാർ മുഴുവൻ തടവുകാർതന്നെയാകും.രാജ്യത്തെ ജയിലുകളിൽ കൂടുതൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിർമിക്കുന്നത് തിഹാർജയിലിലാണ്. നേരത്തേ ഡി.ജി.പി. അവിടം സന്ദർശിച്ചിരിന്നു. തിഹാറിലേതുപോലെ ഫർണിച്ചർ, തുണിത്തരങ്ങൾ, ബേക്കറിസാധനങ്ങൾ എന്നിവ നിർമിക്കാനുള്ള പദ്ധതി സംസ്ഥാനത്തെ ജയിലുകളിലും തുടങ്ങുമെന്ന് ജയിൽ സൂപ്രണ്ടുമാരുടെ യോഗത്തിൽ ഡി.ജി.പി. അറിയിച്ചു. ജയിലുകളിലെ സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പച്ചക്കറിയുൾപ്പെടെ കാർഷികവിളകൾ കൃഷിചെയ്യാനും തീരുമാനിച്ചു.ജയിലുകൾ സമ്പൂർണ പ്ലാസ്റ്റിക് വിമുക്തമാക്കാനും പദ്ധതിയുണ്ട്. ജയിലുകളിലെ സുരക്ഷ ശക്തമാക്കും. തെലങ്കാനയിലെ ജയിലുകളുടെ പ്രവർത്തനം പഠിക്കാൻ മൂന്ന് സൂപ്രണ്ടുമാരെ അവിടേക്കയക്കാനും ആലോചനയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/327L2wp
via
IFTTT