ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ എതിർപ്പ് തള്ളിയാണ് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കശ്മീർ സന്ദർശിക്കാനും പാർട്ടിനേതാവ് തരിഗാമിയെ കാണാനും സുപ്രീംകോടതി അനുമതി നല്കിയത്. തരിഗാമിയെ കാണുന്നതിനപ്പുറമുള്ള ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെട്ടാൽ അതു കോടതിയലക്ഷ്യമായി കണക്കാക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനു പിന്നാലെ തരിഗാമിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ സർക്കാർ വീട്ടുതടങ്കലിലാക്കിയിരുന്നു. അദ്ദേഹത്തെ കാണാനായി യെച്ചൂരി ഓഗസ്റ്റ് ഒമ്പതിന് ശ്രീനഗറിലെത്തിയെങ്കിലും സുരക്ഷാസേന അദ്ദേഹത്തെ മടക്കിയയച്ചു. ഈയാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസംഘത്തിന്റെ ഭാഗമായും യെച്ചൂരി ശ്രീനഗറിലെത്തി. അന്നും വിമാനത്താവളത്തിനു പുറത്തിറങ്ങാൻ അനുവദിച്ചില്ല. തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. യെച്ചൂരിയുടെ അപേക്ഷ രാഷ്ട്രീയപ്രേരിതമാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ തടസ്സവാദമുന്നയിച്ചു. തരിഗാമിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷയുണ്ടെന്നും സൊളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇസഡ് കാറ്റഗറിയോ സെഡ് പ്ലസ് കാറ്റഗറിയോ സുരക്ഷ ഉണ്ടെങ്കിലും സന്ദർശനത്തിന് അത് വിലക്കാകുന്നില്ലെന്ന് ചീഫ്ജസ്റ്റിസ് പ്രതികരിച്ചു. ബന്ധുക്കൾക്കു മാത്രമേ തരിഗാമിയെ കാണാൻ അനുമതിയുള്ളുവെന്നും രാഷ്ട്രീയപ്രേരിതമായ സന്ദർശനങ്ങൾ അനുവദിക്കരുതെന്നുമായിരുന്നു തുഷാർ മേത്തയുടെ വാദം. സഹപ്രവർത്തകനെ കണ്ട് ആരോഗ്യനില അന്വേഷിക്കുകമാത്രമാണ് യാത്രയുടെ ലക്ഷ്യമെന്ന് യെച്ചൂരിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ കോടതിയെ അറിയിച്ചു. തരിഗാമിയെ സന്ദർശിക്കുന്നതിന് അപ്പുറം എന്തെങ്കിലും ചെയ്താൽ അധികൃതർക്ക് അത് തടയാവുന്നതേയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തരിഗാമി എവിടെയാണെന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ ജമ്മുകശ്മീർ എസ്.എസ്.പി. കൈമാറണം. യെച്ചൂരിയുടെ യാത്രയ്ക്ക് ആവശ്യമായ സുരക്ഷയും ഒരുക്കണം- കോടതി നിർദേശിച്ചു. content highlights:SC allows Sitaram Yechury to visit J&K to meet colleague Yusuf Tarigami
from mathrubhumi.latestnews.rssfeed https://ift.tt/327YmAQ
via
IFTTT