തൃശ്ശൂർ: തൃശ്ശൂരിലെ ഒരു മെഡിക്കൽ കോളേജിൽനിന്ന് അവരുടെ നഴ്സിങ് കോളേജിലേക്ക് വൈകീട്ട് 4.50-ന് സ്ഥിരമായി ആംബുലൻസ് പോകുന്നുവെന്ന വിവരമറിഞ്ഞാണ് മോട്ടോർവാഹന വകുപ്പ് പരിശോധനയ്ക്കെത്തിയത്. അലാറം മുഴക്കി ചീറിപ്പായുന്ന ആംബുലൻസിനെ അധികൃതർ പിന്തുടർന്നു. നഴ്സിങ് കോളേജ് കവാടമെത്തിയതോടെ ആംബുലൻസിന്റെ അലാറം നിന്നു. ആംബുലൻസിൽനിന്ന് പുറത്തിറങ്ങിയത് അത്യാഹിതക്കാരായിരുന്നില്ല, ഹോസ്റ്റലിലേക്ക് പോയ 12 വിദ്യാർഥിനികൾ. മോട്ടോർവാഹന വകുപ്പ് കേസെടുത്ത് പിഴയും ചുമത്തി. ജീവകാരുണ്യ സ്ഥാപനത്തിൻറെ പേരിലുള്ള വാഹനമായിരുന്നതിനാൽ റോഡ് നികുതി ഇളവും ഇവർ നേടിയിരുന്നു. ഇതേവരെ അത്യാഹിതങ്ങൾക്കായി വിനിയോഗിക്കാത്ത ഇൗ വണ്ടി സ്ഥിരമായി വിദ്യാർഥികളെ കൊണ്ടുപോകാനും കൊണ്ടുവരാനുമാണ് ഓടുന്നത്. യാത്രയ്ക്കുമുന്പ് ഒന്നു മിനുങ്ങാനായി ബാറിൽ കയറിയ മെഡിക്കൽ റെപ്രസൻറേറ്റീവ് വൈകിയതിനാൽ തീവണ്ടി പിടിക്കാനായി കണ്ടെത്തിയ ഉപായവും ആംബുലൻസ് തന്നെ. ലൈറ്റിട്ട്, അലാറമിട്ട് പായുന്ന ആംബുലൻസിന് എല്ലാവരും വഴിമാറിയതിനാൽ തീവണ്ടി കിട്ടി. മറ്റൊരാൾ പി.എസ്.സി. പരീക്ഷദിനത്തിലെ ഗതാഗതക്കുരുക്ക് മുന്നിൽക്കണ്ട് ആംബുലൻസ് മുൻകൂർ ബുക്ക് ചെയ്തു. വൈകിയിറങ്ങി കൃത്യസമയത്ത് പരീക്ഷയ്ക്കെത്തുകയും ചെയ്തു. സ്വകാര്യ ആംബുലൻസിൽനിന്ന് അനാശാസ്യം പിടികൂടിയതും ആംബുലൻസിൽ മീൻപിടിക്കാൻ പോയ ചെറുപ്പക്കാരെ നാട്ടുകാർ കൈകാര്യം ചെയ്തതുമെല്ലാം അടുത്തകാലത്തുണ്ടായതാണ്. മദ്യപിക്കാനായി ഒരുകൂട്ടം ചെറുപ്പക്കാർ ആംബുലൻസ് വാടകയ്ക്കെടുത്ത് കറങ്ങിയത് കണ്ണൂരിൽ. കിടമത്സരവും ആദായക്കുറവും കൂടുമ്പോൾ സ്വകാര്യ ആംബുലൻസുകൾ മറ്റുവഴികളിലൂടെ പായുന്നത്. പണം വാങ്ങാത്ത സന്നദ്ധസംഘടനകളുടെ ആംബുലൻസുകൾ പെരുകിയതോടെ ഏതുതരത്തിലും പണമുണ്ടാക്കാനായി വഴിവിട്ട പ്രവൃത്തികളിലേക്ക് സ്വകാര്യ ആംബുലൻസുകൾ പോകുന്നു. സന്നദ്ധസംഘടനയുടെ പേരിലുള്ള ആംബുലൻസിന് നികുതി ആനുകൂല്യമുള്ളതിനാൽ ഇൗ വണ്ടികൾ മറ്റ് കാര്യങ്ങൾക്കായി മുതലെടുക്കുന്നവരുമുണ്ട്. പുറമേനിന്നുള്ള കാഴ്ച മറയ്ക്കുന്ന വാഹനമായാലും അത്യാഹിതക്കാരാണ് ഉള്ളിലുള്ളതെന്നതിനാലും പോലീസ് ആംബുലൻസ് പരിശോധിക്കാറില്ല. അതാണ് സ്വകാര്യ ആംബുലൻസുകാർ മുതലെടുക്കുന്നത്. content highlights:ambulance misuse
from mathrubhumi.latestnews.rssfeed https://ift.tt/2MF6ghr
via
IFTTT