Breaking

Saturday, August 31, 2019

പാലാരിവട്ടം മേൽപ്പാലം അഴിമതി: ടി.ഒ. സൂരജ് അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് അടക്കം നാലുപേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. സൂരജിനു പുറമേ പാലം നിർമിച്ച ആർ.ഡി.എസ്. പ്രൊജക്ട്‌സ് മാനേജിങ് ഡയറക്ടർ സുമിത് ഗോയൽ, കിറ്റ്‌കോ മുൻ എം.ഡി. ബെന്നി പോൾ, ഉദ്യോഗസ്ഥനായ പി.ഡി. തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായത്. വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റിയ പ്രതികൾക്ക് തിങ്കളാഴ്ച കോടതിയിൽ ജാമ്യാപേക്ഷ നൽകാം.വെള്ളിയാഴ്ച വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പാലം നിർമാണത്തിൽ അഴിമതി നടന്നുവെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 17 ഉദ്യോഗസ്ഥരുടെ പേര് ചേർത്താണ് വിജിലൻസ് പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ വെള്ളിയാഴ്ച വിജിലൻസിന് അപേക്ഷ നൽകാനായില്ല.പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണ സമയത്ത് ടി.ഒ. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. സൂരജിന്റെ അറിവോടെയാണ് ക്രമക്കേടുകൾ നടന്നിരിക്കുന്നതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അഴിമതി, ഗൂഢാലോചന, വഞ്ചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് സൂരജിനെതിരേ ചുമത്തിയിരിക്കുന്നത്. വിജിലൻസിന്റെ കൊച്ചിയിലെ ഓഫീസിൽ വ്യാഴാഴ്ച മൂന്നര മണിക്കൂറോളം സൂരജിനെ ചോദ്യം ചെയ്തിരുന്നു. പാലം പണിക്ക് സർക്കാർ നൽകിയ അനുമതിക്ക് സാങ്കേതിക ഉത്തരവ് നൽകുന്ന ജോലിയാണ് താൻ നിർവഹിച്ചതെന്നായിരുന്നു ചോദ്യം ചെയ്യലിൽ സൂരജ് വിജിലൻസിനോട് പറഞ്ഞത്. എന്നാൽ, സൂരജിന് എല്ലാം അറിയാമെന്ന നിലപാടിലായിരുന്നു വിജിലൻസ്. സൂരജിന്റെ പങ്കാളിത്തത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നതെന്നാണ് വിജിലൻസ് നൽകുന്ന സൂചന. പാലം നിർമിച്ച ആർ.ഡി.എസ്. പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടർ സുമിത് ഗോയലിനെയാണ് വിജിലൻസ് കേസിൽ ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്. പാലത്തിന്റെ രൂപരേഖ തയ്യാറാക്കാൻ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൽട്ടന്റ്‌സിനെ ചുമതലപ്പെടുത്തിയ കിറ്റ്‌കോയിലെ ഉദ്യോഗസ്ഥരും അഴിമതിയിൽ പങ്കാളികളായിട്ടുണ്ടെന്ന് വിജിലൻസ് പറയുന്നു. ഇതിനുപുറമേ പദ്ധതി നടപ്പാക്കിയ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരളയിലെ ഉദ്യോഗസ്ഥരെയും ക്രമക്കേടിൽ ഉൾപ്പെട്ട മറ്റു ചിലരെയും പ്രതികളാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/32ef7dG
via IFTTT