Breaking

Friday, August 30, 2019

14 ബന്ധുക്കളെ നഷ്ടമായ സൗമ്യ പറയുന്നു; ജീവിക്കണം, മോനെ നല്ലോണം വളര്‍ത്തണം

കവളപ്പാറ (മലപ്പുറം): ഇപ്പോഴും സങ്കടമുണ്ട്. പക്ഷേ, ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലല്ലോ... ഞാൻ പണിയെടുത്ത് ജീവിക്കും. വിനയ് ചന്ദ്രനെ നല്ലോണം വളർത്തും -കവളപ്പാറ ഉരുൾപൊട്ടലിൽ 14 ബന്ധുക്കളെ നഷ്ടമായ വാളലത്ത് സൗമ്യയുടെ വാക്കുകളിൽ ഇടർച്ചയില്ല. മുത്തപ്പൻകുന്ന് ഉറ്റവരെ തട്ടിയെടുത്തെങ്കിലും ഈ ഇരുപത്തിയെട്ടുകാരി പതറുന്നില്ല. ആ വാക്കുകളിൽ സങ്കടക്കടൽ നീന്തിക്കയറാനുള്ള മനക്കരുത്തുണ്ട്. അതിജീവിക്കണമെന്ന തീവ്രമായ ആഗ്രഹവും. ഈമാസം എട്ടിനുണ്ടായ ദുരന്തമാണ് സൗമ്യയുടെ ജീവിതം കീഴ്മേൽമറിച്ചത്. നഷ്ടങ്ങളുടെ വ്യാപ്തി അവൾ തിരിച്ചറിഞ്ഞത് ദിവസങ്ങൾക്കുശേഷം. അരിവാൾരോഗമുള്ള മകൻ വിനയചന്ദ്രന്റെ ചികിത്സയ്ക്കായി നിലമ്പൂർ ആശുപത്രിയിലായിരുന്നു സൗമ്യ. ഭർത്താവ് വിജേഷ് (36), മകൾ വിഷ്ണുപ്രിയ (8), ഭർത്തൃമാതാവ് കല്യാണി (48), അവരുടെ അമ്മ ചക്കി (70), ഭർത്താവിന്റെ സഹോദരങ്ങളായ സന്തോഷ് (28), ശ്രീലക്ഷ്മി (14), വിജയലക്ഷ്മി (20), സുനിത (17), ഭർത്തൃപിതാവിന്റെ സഹോദരി നീലി (59), നീലിയുടെ ഭർത്താവ് ഇമ്പിപ്പാലൻ (70), മകൻ സുബ്രഹ്മണ്യൻ (36), സുബ്രഹ്മണ്യന്റെ ഭാര്യ സുധ (28) എന്നിവരാണ് മണ്ണിലകപ്പെട്ടത്. ഉരുൾപൊട്ടിയതിന്റെ സമീപമുള്ള മൂന്ന് വീടുകളിലായിരുന്നു ഇവരുടെ താമസം. ഇവർക്കുപുറമെ നീലിയുടെ വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കളായ ചന്ദ്രിക(35)യും മകൾ സ്വാതി(14)യും മരിച്ചു. ഇതിൽ നാലുപേരെ (വിജയലക്ഷ്മി, സുനിത, സുബ്രഹ്മണ്യൻ, ഇമ്പിപ്പാലൻ) 19 ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭർത്താവും മകളുമടക്കം 10 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ആരേയും അവസാനമായൊരു നോക്ക് കാണാൻപോലും സൗമ്യക്ക് കഴിഞ്ഞില്ല. അപൂർണമായിരുന്നു ആ ശരീരങ്ങൾ. ദുരന്തമുണ്ടായി രണ്ടുമൂന്ന് ദിവസങ്ങൾക്കകം മകനോടൊപ്പം കവളപ്പാറയിൽ തിരിച്ചെത്തിയിരുന്നു. വല്ലാത്തൊരു മരവിപ്പായിരുന്നു അന്നൊക്കെ. ദുരന്തമുണ്ടായ സ്ഥലത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. -സൗമ്യ പറയുന്നു. തിരുവനന്തപുരത്ത് ജോലിസ്ഥലത്തായിരുന്ന ഭർത്താവിന്റെ സഹോദൻ സുനീഷും രക്ഷപ്പെട്ടു. ഇപ്പോൾ ഭൂദാനം സെന്റ്ജോർജ് കത്തോലിക്ക ദേവാലയത്തിലെ ദുരിതാശ്വാസക്യാമ്പിലാണ് മൂവരും. ഞെട്ടിക്കുളം എ.യു.പി. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് വിനയ്. സൗമ്യയുടെ പനങ്കയത്തെ തറവാട്ടുവീടും വെള്ളംകയറി നശിച്ചു. മാതാപിതാക്കളും രണ്ട് അനിയത്തിമാരും പോത്തുകല്ലിലെ ക്യാമ്പിലാണ്. ഈഗേറ്റ് കമ്പനി ചന്തക്കുന്നിലെ പി.വി.സി. നിർമാണ യൂണിറ്റിൽ സൗമ്യക്ക് ജോലിനൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ജോലിക്ക് പോണം. ക്യാമ്പിൽ നിന്നിറങ്ങിയാൽ എങ്ങോട്ടുപോകും? -താമസിക്കാൻ കെട്ടുറപ്പുള്ള ഒരിടം; അതാണിനി സൗമ്യ ആഗ്രഹിക്കുന്നത്. content highlights: Kerala Flood 2019, kavalappara landslide


from mathrubhumi.latestnews.rssfeed https://ift.tt/2L5kSVq
via IFTTT