Breaking

Monday, August 26, 2019

''നന്ദി തൃശ്ശൂര്‍....'' തീവണ്ടിയില്‍ 29 വര്‍ഷത്തിന് ശേഷം ദീദി സ്വന്തം നാട്ടിലേക്ക്

തൃശ്ശൂർ: തിരുനെൽവേലി-ബിലാസ്പൂർ എക്സ്പ്രസിന്റെ എസ്-ഒമ്പത് കോച്ചിന്റെ വാതിൽക്കൽ നിൽക്കുമ്പോൾ ദീദിയുടെ മുഖത്തെ അമ്പരപ്പ് മാറിയിരുന്നില്ല. ഇങ്ങനെ ഏതെങ്കിലും തീവണ്ടിയിൽ കയറിയായിരുന്നിരിക്കണം 29 വർഷം മുമ്പ് ഛത്തീസ്ഗഢിൽനിന്ന് തൃശ്ശൂരിലേക്ക് എത്തിയത്. അന്നത്തെ താളംതെറ്റിയ മനസ്സല്ല ദീദിയെന്ന ഖേജാഭായിക്കിപ്പോൾ. നാടറിയാം, മക്കളെയറിയാം....തൃശ്ശൂരിന്റെ സ്നേഹമെല്ലാം നുകർന്ന്, ദീദി ഞായറാഴ്ച മക്കൾക്കൊപ്പം ഛത്തീസ്ഗഢിലേക്ക് യാത്രയായി. തണലിലെ മക്കളുടെ വിശേഷമെന്താണ്...? യാത്ര പറയുമ്പോഴും ദീദിയുടെ ചോദ്യമിതായിരുന്നു... കർഷകകുടുംബത്തിലെ അംഗമായ ഖേജാഭായ് മനസ്സിന്റെ താളംതെറ്റിയപ്പോഴാണ് ഛത്തീസ്ഗഢിലെ നർദ ഗ്രാമത്തിൽനിന്ന് എങ്ങനെയോ തൃശ്ശൂരിലെത്തിപ്പെട്ടത്. വാടാനപ്പിള്ളി മേഖലയിൽ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന ഇവരെ നാട്ടുകാർ ദീദി എന്ന് സ്നേഹത്തോടെ വിളിച്ചു. ഒരിക്കൽ അവശയായി കടത്തിണ്ണയിൽ കിടന്ന ദീദിയെ നാട്ടുകാർ തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. നാലു വർഷത്തോളം ഡോ. എസ്.വി. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ചികിത്സ. പിന്നെ മാനസികാരോഗ്യം വീണ്ടെടുത്ത ദീദിയെ മായന്നൂരിലെ തണൽ മാതൃസദനത്തിലാക്കി. അവിടെ കുട്ടികളുടെ അമ്മൂമ്മയായി ദീദി കഴിഞ്ഞു. ഇതിനിടയിൽ മാനസികാരോഗ്യകേന്ദ്രത്തിലെ അധികൃതർ ദീദിയുടെ കുടുംബത്തെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരുന്നു. അത് ഫലം കണ്ടത് ഇപ്പോഴാണ്. മക്കളും മരുമക്കളും ദീദിയെക്കൂട്ടാൻ നാലുദിവസം മുമ്പ് തൃശ്ശൂരിലെത്തി. കോടതിയിൽനിന്ന് ഉത്തരവ് വാങ്ങി മായന്നൂരിലെത്തി. മക്കൾ മോഹിതും ഗജാനന്ദും ബിമലയും അമ്മയെ കൂടെക്കൂട്ടി. അമ്മയെ കിട്ടിയ സന്തോഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലും വടക്കുന്നാഥ ക്ഷേത്രത്തിലുമെല്ലാമെല്ലാം പോയി. ആദ്യമായി അമ്മൂമ്മയെ കണ്ട സന്തോഷത്തിലായിരുന്നു മോഹിതിന്റെ അഞ്ചാംക്ലാസുകാരനായ മായങ്ക്. ഛത്തീസ്ഗഢ് പോലീസിൽനിന്ന് ഇവരെ സഹായിക്കാനായി എത്തിയ മട്ടന്നൂർ സ്വദേശിയായ പ്രകാശൻ നമ്പ്യാർക്കൊപ്പമായിരുന്നു ഇവരുടെ യാത്ര. ഞായറാഴ്ച തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തിരുനെൽവേലി-ബിലാസ്പൂർ എക്സ്പ്രസ് വരാനായി കാത്തിരിക്കുമ്പോഴും കൊച്ചുമകൻ മായങ്കിനെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു ദീദിയെന്ന അമ്മൂമ്മ. ഛത്തീസ്ഗഢിലേക്ക് പോകാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ദീദി, കൊച്ചുമകൻ മായങ്കുമായി കളിക്കുന്നു.. .മായങ്ക് ജനിക്കുന്നതിനു മുമ്പ് കാണാതായാതാണ് ദീദിയെ. മകൾ ബിമല, മരുമകൾ കുന്തി എന്നിവർ സമീപം മുമ്പ് ഛത്തീസ്ഗഢിൽ ജോലിചെയ്തിരുന്ന കുന്നംകുളത്തുകാരൻ പി.ജെ. പോൾസണാണ് തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ ഇവരെത്തും മുമ്പ് കാര്യങ്ങൾക്കായി പോയിരുന്നത്. പ്രകാശൻ നമ്പ്യാർ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇത്. പോൾസണും ഇവരെ യാത്രയാക്കാൻ എത്തിയിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് വണ്ടിയെത്തിയത്. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ മക്കളെല്ലാം കൈവീശിക്കൊണ്ടു പറഞ്ഞു.. സന്തോഷം ഒരുപാടൊരുപാട് സന്തോഷം....


from mathrubhumi.latestnews.rssfeed https://ift.tt/2HmvtJe
via IFTTT