Breaking

Saturday, August 31, 2019

നെഹ്‌റുട്രോഫി വള്ളം കളി ഇന്ന്

ആലപ്പുഴ: കാത്തിരുന്ന ആ ദിനമെത്തി. ഇനി നിമിഷങ്ങൾമാത്രം. യുദ്ധമാണ്. ജലയുദ്ധം. കരുത്തൻമാർ കപ്പ് ഉയർത്തും. പിന്നെ, ആഘോഷമാണ്. ആനന്ദമാണ്... മാസങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിൽ നെഹ്രുട്രോഫി വള്ളംകളി എത്തുകയാണ്. ഇത്തവണ കാത്തിരിപ്പിന്റെ വലിയ കഥതന്നെയുണ്ട് വള്ളംകളി പ്രേമികളുടെ മനസ്സിൽ. മൂന്ന് ആഴ്ചകൾക്ക് മുമ്പ് നടത്തേണ്ടിയിരുന്നതായിരുന്നു വള്ളംകളി. എന്നാൽ, കാലവർഷം ചതിച്ചപ്പോൾ വള്ളംകളി മാറ്റിവെക്കേണ്ടിവന്നു. എന്നാലും, ആവേശം ചോരാതെ ക്ലബ്ബുകാരും തുഴച്ചിൽക്കാരും പുതിയ തിയതിക്കായി കാത്തിരുന്നു. തീയതി പ്രഖ്യാപിച്ചതുമുതൽ വീണ്ടും സജീവമായി ക്യാമ്പുകൾ. ആവേശം വീണ്ടും കൊടുമുടി കയറി. ഒരാഴ്ചയോളം ഉശിരൻ പരിശീലനമാണ് ക്ലബ്ബുകാർ നടത്തിയത്. ലക്ഷങ്ങൾ പരിശീലനത്തിനായി വീണ്ടും പൊടിച്ചെങ്കിലും പരിഭവങ്ങളൊന്നുമില്ല അവർക്ക്. വള്ളംകളി തുഴയേന്തുന്നവർക്ക് വികാരമാണ്. നെഹ്രുട്രോഫി പൂരത്തിനൊപ്പം ഇത്തവണ സി.ബി.എല്ലിനും കൂടി കൊടികയറുമ്പോൾ ആവേശം അമരത്താകും. മുഖ്യാതിഥിയായി സച്ചിൻ എത്തുമ്പോൾ പുന്നമട ഇളകിമറിയും. എല്ലാവഴികളും ഇനി പുന്നമടയിലേക്കാണ്... 81 ജലരാജാക്കന്മാരാണ് നെഹ്രുട്രോഫിയിൽ പങ്കെടുക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ മൂന്ന് വള്ളങ്ങളും ഉൾപ്പെടെ 23 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തിൽ 12 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ ആറ്് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 10 വള്ളങ്ങളും നാല് ചുരുളൻ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 58 ചെറുവള്ളങ്ങൾ ആണ് മത്സരരംഗത്തുള്ളത്. സി.ബി.എൽ. സംപ്രേക്ഷണം നാലുമുതൽ അഞ്ചു മണിവരെയായിരിക്കും. സ്റ്റാർട്ടിങ്ങിന് കഴിഞ്ഞ തവണ പ്രവർത്തിപ്പിച്ച മാഗ്നറ്റിക് സംവിധാനം ഉപയോഗിക്കും. ഫോട്ടോ ഫിനിഷിങ് സമ്പ്രദായവും ഉണ്ടാകും. ഫോട്ടോ ഫിനിഷിങ് സംവിധാനത്തിലൂടെ വള്ളങ്ങളുടെ മത്സരം പൂർത്തിയാകുന്ന നിമിഷംതന്നെ എൽ.ഇ.ഡി.യിലൂടെയും പ്രിന്റ് ഔട്ട് ആയും മത്സരഫലം അറിയാൻ കഴിയും. content highlights:Nehru Trophy Boat Race


from mathrubhumi.latestnews.rssfeed https://ift.tt/2ML55x9
via IFTTT