കൊല്ലം : തീവണ്ടിയിൽനിന്നുവീണ യുവാവ് ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവൻ പാളത്തിനുസമീപം കുറ്റിക്കാട്ടിൽ കിടന്നു. പരവൂർ നെടുങ്ങോലം കൂനയിൽ ചരുവിളപുത്തൻവീട്ടിൽ മുരുകേശന്റെ മകൻ രാജു(31)വിനാണ് ഇൗ ദുര്യോഗം. 12 മണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പെരിനാട്ടുവെച്ചായിരുന്നു സംഭവം. ചെന്നൈയിൽ ഫാസ്റ്റ് ഫുഡ് ബിസിനസ് നടത്തുന്ന രാജു അവിടേക്ക് പോകാനാണ് കൊല്ലം െറയിൽവേ സ്റ്റേഷനിൽനിന്ന് അമൃത എക്സ്പ്രസിൽ കയറിയത്. യാത്രയ്ക്കിടെ തീവണ്ടിയിൽനിന്ന് ആരോ വീണെന്ന സംശയത്തെ തുടർന്ന് ഒരു യാത്രക്കാരൻ ചങ്ങലവലിച്ച് വണ്ടിനിർത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചാലുംമൂട്, കിളികൊല്ലൂർ സ്റ്റേഷനുകളിലെ പോലീസുകാർ പെരിനാട് ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. നാട്ടുകാരും റെയിൽവേ പോലീസും തിരച്ചിലിൽ പങ്കാളികളായി. ചൊവ്വാഴ്ച രാവിലെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഒരു ബാഗ് കിട്ടി. ഒൻപതുമണിയോടെ പാതയിലൂടെ നടന്നുപോയയാൾ കാടുമൂടിയ പ്രദേശത്തുനിന്ന് നിലവിളികേട്ട് നോക്കിയപ്പോൾ പരിക്കേറ്റനിലയിൽ യുവാവിനെ കണ്ടെത്തി. തുടർന്ന് അൽപ്പം അകലെയുള്ള െറയിൽവേ ഗേറ്റ് കീപ്പറെ വിവരമറിയിച്ചു. കിളികൊല്ലൂർ പോലീസെത്തി യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനും കൈകാലുകൾക്കും സാരമായി പരിക്കേറ്റ യുവാവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഹിന്ദി സംസാരിക്കുന്നയാൾ സിഗരറ്റ് നൽകാത്തതിന്റെപേരിൽ തന്നെ തീവണ്ടിയിൽനിന്ന് തള്ളിയിട്ടതാണെന്ന് രാജു പറഞ്ഞു. തീവണ്ടിയുടെ വാതിലിനുസമീപം നിൽക്കുകയായിരുന്ന തന്നോട് അയാൾ സിഗററ്റ് ആവശ്യപ്പെട്ടു. സിഗററ്റില്ലെന്ന് അറിയിച്ചു. പിന്നാലെ തന്നെ പുറത്തേക്ക് തള്ളുകയായിരുന്നെന്ന് രാജു പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി. content highlights:accident in train
from mathrubhumi.latestnews.rssfeed https://ift.tt/2ZshtnC
via
IFTTT