Breaking

Tuesday, August 27, 2019

കേന്ദ്രസർക്കാരിനുമുന്നിൽ മുട്ടുമടക്കി റിസർവ് ബാങ്ക്

കൊച്ചി:ഒടുവിൽ കേന്ദ്രസർക്കാരിന്റെ പിടിവാശിക്കുമുന്നിൽ രാജ്യത്തിന്റെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിനു കീഴടങ്ങേണ്ടിവന്നു. ആർ.ബി.ഐ.യുടെ നീക്കിയിരിപ്പിൽനിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിനു കൈമാറണമെന്ന ബിമൽ ജലാൻ സമിതിയുടെ ശുപാർശ ആർ.ബി.ഐ. അംഗീകരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ആർ.ബി.ഐ.യുടെ നീക്കിയിരിപ്പിൽനിന്ന് ഇത്രവലിയ തുക സർക്കാരിനു കൈമാറുന്നത്. ആർ.ബി.ഐ.യുടെ സ്വയംഭരണാധികാരത്തിനു കത്തിവെക്കുന്നതാണ് ഈ 'പിടിച്ചുവാങ്ങൽ'. ഗവർണർ സ്ഥാനത്തുനിന്ന് ഉർജിത് പട്ടേലിനും ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തുനിന്ന് വിരൽ ആചാര്യക്കും രാജിവെച്ചുപുറത്തുപോകേണ്ടിവന്നത് ഈ 'കരുതൽധന'ത്തിന്റെ പേരിലാണ്. പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ ആർ.ബി.ഐ.യുടെ കരുതൽധനം പിടിച്ചെടുക്കാൻ ഒന്നാം നരേന്ദ്രമോദി സർക്കാർ ശ്രമിച്ചിരുന്നു. സർക്കാർ ആർ.ബി.ഐ.യുടെ പ്രവർത്തനങ്ങളിൽ കൈകടത്തുകയാണെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അത് സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി വിരൽ ആചാര്യ പരസ്യമായി രംഗത്തെത്തി. ഇതോടെ സർക്കാർ പിന്മാറി. എന്നാൽ, ഉർജിത് പട്ടേൽ രാജിവെച്ചതോടെ, മോദിയുടെ വിശ്വസ്തനായ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശക്തികാന്ത ദാസിനെ ആർ.ബി.ഐ.യുടെ ഗവർണറാക്കി. കാര്യങ്ങൾ അതോടെ എളുപ്പമായി. കേന്ദ്രസർക്കാരിന്റെ ആവശ്യം പെട്ടെന്നു നടപ്പാക്കിക്കൊടുക്കുന്നതു ബുദ്ധിയല്ലെന്നുകണ്ടാണ് ആർ.ബി.ഐ. മുൻഗവർണർ ബിമൽ ജലാന്റെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ച് കരുതൽധനത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്. ഒന്നാം എൻ.ഡി.എ. സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയ്, 2003-ൽ ബിമൽ ജലാനെ രാജ്യസഭാംഗമാക്കിയിരുന്നു. ലാഭം വരുന്ന വഴി ആർ.ബി.ഐ. അവരുടെ ലാഭത്തിൽനിന്ന് എല്ലാ വർഷവും സർക്കാരിനു ലാഭവിഹിതം നൽകാറുണ്ട്. ചില അവസരങ്ങളിൽ ഇടക്കാല ലാഭവിഹിതവും നൽകും. 2016-ലെ നോട്ടുനിരോധനത്തെത്തുടർന്ന് 2016-17-ലും 2017-18-ലും ലാഭവിഹിതം കുറഞ്ഞിരുന്നു. പുതിയ നോട്ടുകളുടെ അച്ചടിക്കും വിതരണത്തിനും ഉയർന്ന ചെലവു വന്നതിനാലാണിത്. കാലാകാലങ്ങളിൽ നൽകുന്ന ലാഭവിഹിതത്തിനു പുറമെയാണ് ഇപ്പോൾ നൽകുന്ന 1.76 ലക്ഷം കോടി രൂപ. സർക്കാർ സെക്യൂരിറ്റികളുടെ ഇടപാടിലൂടെ കിട്ടുന്ന ലാഭം, വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ലഭിക്കുന്ന പലിശവരുമാനം, കടപത്രങ്ങളിൽനിന്നു കിട്ടുന്ന വരുമാനം എന്നിവയാണ് ആർ.ബി.ഐ.യുടെ വരുമാനം. കേന്ദ്രബാങ്കിന്റെ പ്രവർത്തനച്ചെലവ്, ജീവനക്കാരുടെ ചെലവ്, തേയ്മാനം എന്നിവയൊക്കെ കഴിഞ്ഞ് ബാക്കിവരുന്ന തുകയാണു നീക്കിയിരിപ്പായി മാറുന്നത്. രാജ്യം അപകടകരമായ പ്രതിസന്ധിയിലേക്കു നീങ്ങുന്ന ഘട്ടങ്ങളിൽമാത്രം ഉപയോഗിക്കാനാണ് ഈ തുക കരുതൽധനമായി സൂക്ഷിക്കുന്നത്. content highlights:Reserve Bank of India


from mathrubhumi.latestnews.rssfeed https://ift.tt/2MElL9w
via IFTTT