തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയെന്ന് ആരോപണം. അപകടത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിൽ പോലീസ് അലംഭാവം കാണിച്ചതായാണ് ആരോപണം. യുവതിയുടെ രക്തസാമ്പിൾ മാത്രമാണ് ശേഖരിച്ചിട്ടുള്ളതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ എടുത്തിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗരുഡിൻ വ്യക്തമാക്കി. വാഹനം ഓടിച്ചത് ആരാണെന്ന വിവരം വ്യക്തമായിട്ടുണ്ട്. സ്ഥിരീകരിച്ചശേഷം അത് പുറത്തറിയിക്കും. കേസിൽ ആദ്യം ലഭിച്ച വിവരങ്ങൾ തെറ്റായിരുന്നു. രക്തസാമ്പിൾ എടുക്കാൻ ചില നിയമ നടപടികളുണ്ട്. ഒരാൾ രക്തപരിശോധന നടത്താൻ വിസമ്മതിച്ചാൽ ആദ്യം അത് ചെയ്യാൻ കഴിയില്ല. ഈ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകൾ പ്രവർത്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് എല്ലായിടത്തും സിസിടിവി ക്യാമറകൾ വയ്ക്കാനാവില്ലല്ലോ എന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. എല്ലാകാര്യങ്ങളും പരിശോധിച്ചശേഷം കേസിന്റെ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി എസ്.ഐ. വ്യക്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ രക്തസാമ്പിൾ എടുത്തിട്ടില്ലെന്നാണ് വിവരം. ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു| Read More.. വാഹനമോടിച്ചത് യുവതിയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞെങ്കിലും ഇവരെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നില്ല. യൂബർ ടാക്സി വിളിച്ച് യുവതിയെ പോലീസ് പറഞ്ഞുവിടുകയായിരുന്നു. പിന്നീട് മാധ്യമപ്രവർത്തകരെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് പോലീസ് യുവതിയെ ഫോണിൽ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ ഈ വൈദ്യപരിശോധനയുടെ ഫലവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വിശദവിവരങ്ങൾ താമസിയാതെ അറിയിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടശേഷം സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെയും ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരെയും പോലീസ് കേസെടുത്തു. മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തത്. അതേസമയം, അപകടസമയത്ത് ആരാണ് വാഹനമോടിച്ചിരുന്നതെന്നവിവരം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് ദൃക്സാക്ഷി; മദ്യപിച്ചിരുന്നു, വന്നത് അമിതവേഗത്തിൽ| Read More.. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. അമിതവേഗത്തിൽ വന്ന കാർ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ സ്ത്രീയുമായിരുന്നു വാഹനത്തിൽ. അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ അപകടസമയത്ത് താനല്ല, സുഹൃത്താണ് കാറോടിച്ചതെന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്. Content Highlights:sriram venkittaraman ias accident; police did not take proper procedure at first time
from mathrubhumi.latestnews.rssfeed https://ift.tt/2GHMM7q
via
IFTTT